Asianet News MalayalamAsianet News Malayalam

അഞ്ചുകൊല്ലം മുന്‍പേ കെണിവച്ച് രാഹുലിനെ സ്മൃതി വീഴ്ത്തിയത് ഇങ്ങനെ

സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 49.7 ശതമാനം വോട്ട്. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടാണ് 43.9 ശതമാനം വരും ഇത്. എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും തട്ടകം കാക്കാൻ രാഹുലിനായില്ല .

Smriti Irani Checkmates Rahul in Gandhi Bastion of Amethi
Author
Amethi, First Published May 24, 2019, 8:59 AM IST

അമേഠി: ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ലോക്സഭ വിജയം നേടുമ്പോള്‍ അതിലെ തിളക്കമുള്ള ഏടാകുകയാണ് അമേഠിയിലെ സ്മൃതി ഇറാനിയുടെ വിജയം. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് സ്മൃതി കരുത്ത് തെളിയിച്ചത്. എന്നാല്‍ ഒരു ദിവസം കയറിവന്ന് ജയിച്ച് കയറിയതല്ല സ്മൃതി ഇറാനി. കഴിഞ്ഞ അഞ്ചുവര്‍ഷമായി അമേഠി കേന്ദ്രീകരിച്ച് ആവിഷ്കരിച്ച തന്ത്രമാണ് സ്മൃതിയെ വിജയത്തിലേക്ക് നയിച്ചത്. 

2014 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍  ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 2014 ൽ ഒരു ലക്ഷം വോട്ടിന് രാഹുലിനോട് തോറ്റെങ്കിലും സ്മൃതി ഇറാനി തളര്‍ന്നില്ല. പകരം കേന്ദ്രമന്ത്രിയായ സ്മൃതി തുടര്‍ച്ചയായി അമേഠിയിലെത്തി.  മണ്ഡലത്തിന്‍റെ ജനപ്രതിനിധി താനാണെന്ന് തോന്നിപ്പിക്കും വിധം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. 

സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 49.7 ശതമാനം വോട്ട്. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടാണ് 43.9 ശതമാനം വരും ഇത്. എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും തട്ടകം കാക്കാൻ രാഹുലിനായില്ല . വോട്ടെണ്ണലിന്‍റെ ഒന്നോ രണ്ടോ റൗണ്ടിലൊഴിക  മുഴുവൻ സമയവും ലീഡ് നിലനിർത്തിയത് സ്മൃതിയാണ്. അതായത് തെരഞ്ഞെടുപ്പില്‍ തീര്‍ത്തും എല്ലാഘട്ടത്തിലും പിന്നിലായി രാഹുല്‍ എന്നതാണ് ഇത് തെളിയിക്കുന്നത്.

മൂന്ന് രീതിയിലാണ് സ്മൃതി ഇറാനി രാഹുലിനെ നെഹ്റു കുടുംബത്തിന്‍റെ കുത്തകമണ്ഡലം എന്ന് വിശ്വസിച്ചിരുന്ന അമേഠിയില്‍ മലര്‍ത്തിയടിച്ചത്. അതില്‍ ഒന്നാമത് സാന്നിധ്യമായിരുന്നു. 2014 ലെ തോല്‍വിക്ക് ശേഷം തന്‍റെ പ്രവര്‍ത്തന മണ്ഡലം അമേഠിയിലേക്ക് മാറ്റിയിരുന്നു. മാസത്തില്‍ കേന്ദ്രമന്ത്രിയുടെ തിരക്കുകള്‍ക്ക് ഒപ്പം തന്നെ അമേഠിയില്‍ പ്രത്യക്ഷപ്പെടാന്‍ സ്മൃതി സമയം കണ്ടെത്തി. രാജ്യസഭ എംപി എന്ന നിലയില്‍ തന്‍റെ വികസന ഫണ്ടുകള്‍ അമേഠിയിലാണ് സ്മൃതി കൃത്യമായി വിനിയോഗിച്ചത്. അതിന് ഒപ്പം തന്നെ മണ്ഡലത്തിലെ ജാതി മത സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കി പ്രമുഖരുമായി ബന്ധം സ്ഥാപിച്ചു. എങ്കിലും രാഹുലിനെ സ്മൃതി മറികടക്കും എന്ന് ആരും പ്രവചിച്ചിരുന്നില്ല എന്നതാണ് സത്യം. 

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഒരു തിരിച്ചടിയും സ്മൃതി ഇറാനിക്ക് ലഭിച്ചു. അമേഠിയിലെ സ്മൃതിയുടെ അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അമേഠിയില്‍ എത്തിയാല്‍ സ്മൃതി ഇറാനി ഇദ്ദേഹത്തിന്റെ വീട്ടിലാണ് പതിവായി താമിസിക്കാറ്. നേരത്തെ സമാജ്‌വാജി പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ആ സമയത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയില്‍ എത്തിയപ്പോഴാണ് രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഇത്തരം തിരിച്ചടികളെ സമര്‍ദ്ദമായി സ്മൃതി മറികടന്നു എന്നതാണ് ഫലം വെളിവാക്കുന്നത്.

സ്മൃതിയുടെ രണ്ടാമത്തെ ഏറ്റവും വലിയ തന്ത്രം വികസനം ചര്‍ച്ചയാക്കുക എന്നതായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വികസന വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേഠിയിലെത്തിയിരുന്നു. സ്മൃതിയുടെ പ്രചാരണ കൊട്ടിക്കലാശത്തിന് അമിത് ഷായും എത്തി. അമേഠിയിലെ വികസന വിഷയം കേരളത്തില്‍ പോലും ചര്‍ച്ചയാകുന്ന തലത്തില്‍ മാധ്യമ ശ്രദ്ധ ആ വിഷയത്തിലേക്ക് തിരിക്കാന്‍ ബിജെപി സംവിധാനത്തിനായി. 

മൂന്നാമത്തെത് രാഹുലിന്‍റെ വയനാട്ടിലേക്കുള്ള വരവാണ് സ്മൃതിക്ക് പുതിയ ആയുധം നല്‍കിയത്. അമേഠിക്ക് പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തോറ്റോടുകയാണെന്ന് പരിഹസിച്ചും തന്‍റെ മുന്നില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ഒളിച്ചോടുകയാണെന്ന് ആരോപിച്ചും രാഹുലിനെ ആക്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ സ്മൃതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് വീണ്ടും തെളിയുന്ന അവസ്ഥയാണ് ഉണ്ടായത്.

വയനാട്ടില്‍ നാല് ലക്ഷത്തോളം വോട്ടിന് ജയിച്ചെങ്കിലും മോദി തരംഗത്തില്‍ 'കുടുംബ സീറ്റില്‍' നേരിട്ട തോല്‍വി വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനും രാഹുലിനും ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടാണ് അമേഠിയിലെ പ്രചാരണവും സംഘടനയും നിയന്ത്രിച്ചത്. രാഹുലിനെ അമേഠിയില്‍ തോല്‍പ്പിക്കുക എന്നത് മോദി വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന ദൗത്യത്തിനോളം പ്രധാന്യത്തോടെയാണ് അമിത് ഷാ എടുത്തിരുന്നത്. ഇതിന് മുന്‍പ് ഒരു തവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത് അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനത തരംഗം അലയടിച്ചപ്പോള്‍ അമേഠി സഞ്ജയ് ഗാന്ധിയെ കൈവിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios