Asianet News MalayalamAsianet News Malayalam

കെ വി തോമസിന് പണിയായത് എംഎല്‍എമാരുടെ കത്ത്; അനുനയിപ്പിക്കാന്‍ സോണിയ കൂടിക്കാഴ്ച നടത്തും

കെ വി തോമസിന് സീറ്റ് നിഷേധിച്ചത് ഹൈക്കമാന്‍ഡ് ഇടപെടല്‍ മൂലമല്ലെന്നാണ് വ്യക്തമാകുന്നത്. എറണാകുളത്ത് നിന്നുള്ള എം എല്‍ എ മാര്‍ തോമിസിന് ജയസാധ്യതയില്ലെന്ന് വാദിച്ചതോടെയാണ് ഹൈബിക്ക് നറുക്കുവീണത്. ഇവര്‍ തോമസിനെതിരെ കത്ത് നല്‍കുകയും ചെയ്തു. കത്ത് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു

sonia gandhi will meat kv thomas
Author
Kochi, First Published Mar 17, 2019, 12:20 AM IST

ദില്ലി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി ഇടപെടുന്നു. കെ വി തോമസുമായി സോണിയ കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും മുകുള്‍ വാസ്നിക്കും കെ വി തോമസിനെ ഫോണില്‍ ബന്ധപ്പെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കെ വി തോമസിന് സീറ്റ് നിഷേധിച്ചത് ഹൈക്കമാന്‍ഡ് ഇടപെടല്‍ മൂലമല്ലെന്നാണ് വ്യക്തമാകുന്നത്. എറണാകുളത്ത് നിന്നുള്ള എം എല്‍ എ മാര്‍ തോമിസിന് ജയസാധ്യതയില്ലെന്ന് വാദിച്ചതോടെയാണ് ഹൈബിക്ക് നറുക്കുവീണത്. ഇവര്‍ തോമസിന് വേണ്ടി പ്രവര്‍ത്തിക്കാനാകില്ലെന്ന് കാട്ടി കത്ത് നല്‍കുകയും ചെയ്തു. കത്ത് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് തോമസിനെ മത്സരിപ്പിക്കണമെന്ന താല്‍പര്യമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാർത്ഥത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താൻ ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്‍റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്‍റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നൽകാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ തയ്യാറായില്ല. ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവർത്തിച്ചു.

പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താൻ രാഷ്ട്രീയത്തിൽ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന്  ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ല എന്നായിരുന്നു മറുപടി. 

ദീർഘകാലം കോൺഗ്രസ്  ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്‍റെ പിടി അയയുന്നത് രാഹുൽ ഗാന്ധി പ്രസിഡന്‍റായതിന് ശേഷമാണ്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനം രാഹുൽ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. 

ഇതിനിടെ കേരളാ മാനേജ്മെന്‍റ് അസോസിയേഷന്‍റെ കൊച്ചിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി മികച്ച മാനേജ്മെന്‍റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

Follow Us:
Download App:
  • android
  • ios