Asianet News MalayalamAsianet News Malayalam

മോദിക്ക് വെല്ലുവിളിയായി കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; സര്‍വെ

ബിജെപിക്ക് വേരോട്ടം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിഎസ്ഡിഎസ്-ലോക്നീതി-ദി ഹിന്ദു-തിരംഗ ടിവി- ദെെനിക് ഭാസ്കര്‍ സര്‍വെയില്‍ വ്യക്തമാകുന്നത്

southern states become challenge to narendra modi
Author
Delhi, First Published Apr 7, 2019, 8:06 PM IST

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രചാരണം പുരോഗമിക്കുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി സര്‍ക്കാരിനോട് എതിര്‍പ്പെന്ന് സര്‍വെ. ബിജെപിക്ക് വേരോട്ടം കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിഎസ്ഡിഎസ്-ലോക്നീതി-ദി ഹിന്ദു-തിരംഗ ടിവി- ദെെനിക് ഭാസ്കര്‍ സര്‍വെയില്‍ വ്യക്തമാകുന്നത്.

കര്‍ണാടക ഒഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്ലെല്ലാം എന്‍ഡിഎ വിരുദ്ധ വികാരം പ്രകടമാണ്. അതിനൊപ്പം അതാത് സംസ്ഥാന ഭരണത്തില്‍ ചില സംസ്ഥാനങ്ങള്‍ തൃപ്തിയും രേഖപ്പെടുത്തുന്നു. തമിഴ്നാട്ടിലും കേരളത്തിലുമാണ് എന്‍ഡിഎ സര്‍ക്കാരിനെതിരെ ഏറ്റവുമധികം വിരുദ്ധ വികാരമുള്ളത്.

തമിഴ്നാട്ടിലും കേരളത്തിലും വളരെയധികം അതൃപ്തിയാണ് മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയത്. അതില്‍ കേരളത്തില്‍ 40 ശതമാനം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുള്ളതായും വിലയിരുത്തി. തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരിനോടും അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോടും  കടുത്ത അതൃപ്തിയാണ് ജനങ്ങള്‍ക്കുള്ളത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ളവയില്‍ ബിജെപി എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതൃപ്തി സര്‍വെയില്‍ രേഖപ്പെടുത്തുന്നില്ല. അതേസമയം, രാജ്യത്ത് ആകെ 59 ശതമാനം പേര്‍ എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 35 ശതമാനം പേരാണ് തൃപ്തിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെയ്ക്ക് ശേഷം എന്‍ഡിഎ സര്‍ക്കാരിനോടുള്ള സമീപനം മാറുന്നുവെന്നാണ് വിലയിരുത്തല്‍. 2018ല്‍ 51 ശതമാനമായിരുന്നു മോദി സര്‍ക്കാരിനെ തൃപ്തികരമായി കണ്ടിരുന്നത്.
 

Follow Us:
Download App:
  • android
  • ios