Asianet News MalayalamAsianet News Malayalam

പ്രിയങ്ക ഗാന്ധിക്കെതിരെ മോശം പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള

പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ശ്രീധരൻ പിള്ള. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ.

Sreedharan Pillai anti woman statement against Priyanka Gandhi
Author
Kannur, First Published Apr 2, 2019, 11:15 AM IST

കണ്ണൂർ: പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ. പ്രിയങ്കയ്ക്ക്  48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്നും ശ്രീധരൻപിള്ള പറഞ്ഞു. 

ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ സ്ത്രീവിരുദ്ധ പരാമർശം പുറത്തുവരുന്നത്. കണ്ണൂരിൽ ഇന്നലെ നടന്ന എൻഡിഎ കൺവെൻഷനിൽ ആയിരുന്നു ശ്രീധരൻ പിള്ളയുടെ മോശം വാക്കുകൾ.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്‍റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല വിവാദം ബിജെപിയുടെ സുവർണ്ണാവസരം ആണെന്ന ബിജെപി അധ്യക്ഷന്‍റെ വാക്കുകൾ നേരത്തേ വലിയ വിവാദമായിരുന്നു.

Follow Us:
Download App:
  • android
  • ios