Asianet News MalayalamAsianet News Malayalam

15 സീറ്റുകള്‍ യുഡിഎഫിന്, നാലെണ്ണം എല്‍ഡിഎഫിന്, എന്‍ഡിഎ അക്കൗണ്ട് തുറക്കും, ബിജെപി വോട്ട് വിഹിതത്തില്‍ കുതിപ്പ്- സര്‍വേ

കേരളത്തില്‍ 15 സീറ്റുകള്‍ വരെ നേടി യുഡിഎഫ് വന്‍ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 

udf will lead ldf get 4 seat bjp account open
Author
Kozhikode, First Published May 19, 2019, 9:57 PM IST

തിരുവനന്തപുരം: കേരളത്തില്‍ 15 സീറ്റുകള്‍ വരെ നേടി യുഡിഎഫ് വന്‍ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, പൊന്നാനി, മലപ്പുറം, ആലത്തൂര്‍, തൃശൂര്‍,  ചാലക്കുടി, എറണാകുളം, ഇടുക്കി,  കോട്ടയം, മാവേലിക്കര, പത്തനംതിട്ട, കൊല്ലം  എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് പ്രവചിക്കുന്നത്.

അതേസമയം കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് വിജയം പ്രവചിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ചരിത്രത്തിലാധ്യമായി ബിജെപി അക്കൗണ്ട് തുറക്കാന‍് സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.


തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് 41 ശതമാനം വോട്ട് ഷെയറാണ് പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫിന് 37 ശതമാനം വോട്ട് ഷെയറും പ്രവചിക്കുന്നു. ബെജിപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ഷെയറുള്ളതും തെക്കന്‍ കേരളത്തിലാണ്. 19 ശതമാനമാണത്. ബിജെപിയും വോട്ട് വിഹിതത്തില്‍ കാതലായ മാറ്റം ഉണ്ടാകുമെന്നും സര്‍വേ പറയുന്നു. മലബാറില്‍ 14 ശതമാനം വോട്ട് ഷെയറാണെങ്കില്‍ മധ്യകേരളത്തില്‍ 16 ശതമാനവും ബിജെപിക്ക് വോട്ട് വിഹിതമുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്. പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനവുണ്ടായാതായും സര്‍വേ ഫലം സൂചിപ്പിക്കുന്നു. അതില്‍ പത്തനംതിട്ടയില്‍ ഇരട്ടിയിലധികം വോട്ട് ഷെയര്‍ ഉണ്ടാകുമെന്നാണ് പ്രവചനം.

പത്തനംതിട്ടയ്ക്ക് ശേഷം ബിജെപി ഏറെ പ്രതീക്ഷ വച്ച തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്  37 ശതമാനം വോട്ട് വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. 34 ശതമാനം വോട്ട് ശശി തരൂരിനും 26 ശതമാനം വോട്ട് സി ദിവാകരനും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു.


നേരത്തെ ബിജെപി ഏറെ പ്രതീക്ഷ വച്ച പത്തനംതിട്ട മണ്ഡലത്തില്‍  ഡിഎഫിന്‍റെ ആന്‍റോ ആന്‍റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സര്‍വേ പ്രവചിച്ചത്. എന്നാല്‍ മൂന്ന് ശതമാനത്തിന്‍റെ മാത്രം വ്യത്യാസമാണ് രണ്ട് മണ്ഡലങ്ങളിലും വിജയികളുമായി രണ്ടാം സ്ഥാനക്കാരുടെ വ്യത്യാസം. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി  കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറഞ്ഞിരുന്നു.  എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ചാലക്കുടിയില്‍ സിറ്റിങ് എംപി കൂടിയായ ഇന്നസെന്‍റും, എന്‍ഡിഎ ഏറെ പ്രതീക്ഷ വയ്ക്കുന്ന തൃശൂരിലെ താര സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പരാജയപ്പെടും. 

ചാലക്കുടിയില്‍ യുഡിഎഫിന്‍റെ ബെന്നി ബെഹ്നാന്‍ 46 ശതമാന വോട്ട് നേടി വിജയിക്കും. ഇന്നസെന്‍റിന് 37 ശതമാനം വോട്ടും എന്‍ഡിഎയയുടെ എഎന്‍ രാധാകൃഷ്ണന് 12 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു.

തൃശൂരില്‍ എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും സര്‍വേ പറയുന്നു. യുഡിഎഫിന്‍റെ ടിഎന്‍ പ്രതാപന് 38 ശതമാനം വോട്ടും എല്‍ഡിഎഫിന്‍റെ രാജാജി മാത്യു തോമസിന് 35 ശതമാനം വോട്ടും പ്രവചിക്കുന്ന സര്‍വേ സുരേഷ് ഗോപിക്ക് 23 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. 

പാലക്കാടും കോഴിക്കോടും മാത്രമാണ് എല്‍ഡിഎഫിന് ലഭിക്കുക. പാലക്കാട് 41 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കുന്നതെങ്കില്‍ 29 ശതമാനം വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് ആദ്യമായിട്ടായിരിക്കും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുക.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനും കോണ്‍ഗ്രസിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരനും തമ്മിലായിരുന്നു വടകരയിലെ പ്രധാന മത്സരം. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി  കെ മുരളീധരന്‍ വിജയിക്കുമെന്നാണ് സര്‍വേ പ്രവചനം.  47 ശതമാനം വോട്ടുകള്‍ മുരളീധരന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍  42 ശതമാനം വോട്ടുകളാണ് ജയരാജന് ലഭിക്കുക. എന്‍ഡിഎയുടെ വികെ സജീവന് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 46 ശതമാനം വോട്ടുകള്‍ നേടും. എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍  33 ശതമാനം  വോട്ടുകള്‍ നേടും, ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ 18 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios