Asianet News MalayalamAsianet News Malayalam

'തെറ്റ് ചെയ്തതായി തോന്നുന്നില്ല'; ഐശ്വര്യ റായിയെ അധിക്ഷേപിച്ച് മീം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാകാതെ വിവേക് ഒബ്‌റോയി

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.

Vivek Oberoi's Response To Aishwarya Rai Meme Row
Author
Mumbai, First Published May 20, 2019, 10:59 PM IST

മുംബൈ: നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് നടന്‍ വിവേക് ഒബ്‌റോയി രം​ഗത്ത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നില്ലെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ വിവേകിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വിവേക് രം​ഗത്തെത്തിയത്. 

‘മാപ്പ് പറയുന്നതിന് തനിക്കൊരു പ്രശ്നവുമില്ല, പക്ഷെ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയും. എന്നാൽ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ല. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു’- വിവേക് പറഞ്ഞതായി വാർത്ത വിതരണ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാൻ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

വിവേകിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സോനം കപൂര്‍ ആദ്യം രം​ഗത്തെത്തിയത്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർ​ഗരഹിതവുമാണെന്ന് സോനം കപൂർ ട്വീറ്റ് ചെയ്തു.അതിന് ശേഷമാണ് മഹാരാഷ്ട്ര വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയക്കുന്നത്. സോനം കപൂറിന് പുറകെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, നടിയും മുംബൈ നോർത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമ്മിള മാണ്ഡോത്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

അതേസമയം സോനം കപൂറിന്റെ വിമർശനത്തിനെതിരേയും വിവേക് പ്രതികരിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കുറച്ച് ഓവര്‍ ആക്ട് ചെയ്യു, സോഷ്യല്‍മീഡിയയിലും കുറച്ച് ഓവര്‍ ആക്ട് ചെയ്യു. 10 വര്‍ഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല,’ വിവേക് എഎൻഐയോട് പ്രതികരിച്ചു.  

Follow Us:
Download App:
  • android
  • ios