Asianet News MalayalamAsianet News Malayalam

'മോദിയുടെ പണം വേണ്ട, പ്രതിമ ഞങ്ങൾ നിർമിച്ചോളാം', മോദി ഭ്രാന്തനെപ്പോലെ സംസാരിക്കുന്നെന്ന് മമത

ബിജെപി തകർത്ത ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിന് മോദിയുടെ പണം ആവശ്യമില്ല, അത് ഞങ്ങൾ പണിതോളാം - മോദിയോട് മമത.

we will build the statue of our own replies mamata to modis challenge
Author
Kolkata, First Published May 16, 2019, 3:29 PM IST

മന്ദിർബസാർ: കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ തകർക്കപ്പെട്ട ബംഗാളി നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനർജി. പ്രതിമ പഞ്ചലോഹങ്ങൾ കൊണ്ട് പുനർനിർമിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മമത.

''ബിജെപി തന്നെ തകർത്ത പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല'', മമത പറഞ്ഞു. പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു.

''മോദിക്ക് തന്‍റെ ശക്തി അറിയില്ല. ആയിരം ആർ എസ് എസുകാരും മോദിയും ചേർന്നാലും തന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. തന്‍റെ റാലിയെ മോദി ഭയക്കുന്നു. മധൂർപൂരിൽ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്താൻ ബിജെപി ശ്രമിക്കുന്നു'', മമത പറഞ്ഞു. വാഗ്ദാനങ്ങളല്ലാതെ മോദി ഒന്നും ചെയ്തിട്ടില്ലെന്നും മമത ആരോപിച്ചു.

''ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലേ? കള്ളൻ. പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കിൽ നിങ്ങളെ ജയിലിൽ അടയ്ക്കാൻ ഞങ്ങൾക്കറിയാം'', മമത ആഞ്ഞടിച്ചു.

പരസ്യപ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത രൂക്ഷവിമർശനമുയർത്തി. ''മോദിയുടെ റാലി കഴിഞ്ഞാൽ പ്രചാരണം അവസാനിപ്പിച്ചോളണമെന്നാണ് കമ്മീഷന്‍റെ ശാസനം. കമ്മീഷനും മോദിയും 'ഭായ് - ഭായ്' ആണ്. ‍തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്'', മമത ആരോപിച്ചു. 

അക്രമത്തിൽ തകർക്കപ്പെട്ട ബംഗാൾ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന് മോദി ഉത്തർപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു.

പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വികാരപ്രശ്നം കൂടിയായ പ്രതിമ തകർക്കൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. മോദിക്കെതിരെ മമത പ്രധാന പ്രചാരണായുധമാക്കുന്നതും പ്രതിമ തകർത്തത് തന്നെയാണ്. 

''അമിത് ഷായുടെ റാലിക്കിടെ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് നമ്മൾ കണ്ടതാണ്. ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ അവർ തകർത്തു. അത്തരം ആളുകൾക്കെതിരെ കർശനനടപടി വേണ്ടേ?'', മോദി ഉത്തർപ്രദേശിലെ മാവുവിൽ നടത്തിയ റാലിയിൽ ചോദിച്ചു. 

''വിദ്യാസാഗറിന്‍റെ ദർശനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ബിജെപി. പഞ്ചലോഹങ്ങൾ കൊണ്ട്, ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ അതേ സ്ഥാനത്ത് പണിയും'', മോദി പ്രഖ്യാപിച്ചു. 

Read More: 'ഈശ്വർ ചന്ദ്രയുടെ തകർത്ത പ്രതിമക്ക് പകരം പുതിയത് നിർമിക്കും', മമതയെ വെല്ലുവിളിച്ച് മോദി

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios