Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് അടുത്തു; അറിയണം 'വിവിപാറ്റിനെയും പ്രവർത്തന രീതിയും'

വോട്ടിം​ഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിച്ചുറപ്പിക്കാന്‍ കഴിയുന്ന വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രങ്ങളെയാണ് വിവിപാറ്റ് എന്നു പറയുന്നത്. 

what is Voter-verified paper audit trail and how it works
Author
Trivandrum, First Published Mar 16, 2019, 12:04 PM IST

ഇപ്പോൾ പഴയത് പോലെയല്ല, വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോ​ഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാ​രപ്രദമാണ്. 

വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രശീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രശീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്റ് സമയം നൽകും. 

എന്നാൽ ആ രശീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ രശീതുകൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രശീതുകൾ ബോക്സുകളിൽ നിക്ഷേപിക്കുമ്പോൾ വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോ​ഗിച്ച് 2013ൽ നാ​ഗാലാന്റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് 25നകം വിഷയത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് മുഖ്യ ഹര്‍ജിക്കാരന്‍. കോണ്‍ഗ്രസ്, ടിഡിപി, എന്‍സിപി, എഎപി, ഇടതുപാര്‍ട്ടികള്‍, എസ്പി, ബിഎസ്പി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, വോട്ട് കൃത്യമായി രേഖപ്പെടുത്തിയോ എന്ന് വോട്ടർക്ക് സ്വയം പരിശോധിക്കാവുന്ന വിവിപാറ്റ് രസീത് എല്ലാം എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട്. 
 

Follow Us:
Download App:
  • android
  • ios