Asianet News MalayalamAsianet News Malayalam

ശ്രീധരൻപിള്ള പത്തനംതിട്ടയിൽ തന്നെ മത്സരിക്കാൻ പരിശ്രമിക്കുന്നതെന്തിന്?

പത്തനംതിട്ടയിൽ മത്സരിക്കാൻ സർവഥാ യോഗ്യനായ സ്ഥാനാർത്ഥി താനാണെന്നാണ് ശ്രീധരൻ പിള്ള കരുതുന്നത്. രണ്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്കെതിരായി ശബരിമലയുടെ മണ്ഡലമായ പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയിക്കുമെന്നും അദ്ദേഹം കരുതുന്നുവെന്ന് അഡ്വ . ജയശങ്കർ

why sreedharan pillai  insisting for pathanamthitta seat, adv jayasankar explains
Author
Thiruvananthapuram, First Published Mar 19, 2019, 10:03 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കടുംപിടുത്തം നടത്തുന്നതെന്തിനാണ്? പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ പരിഗണിക്കപ്പെടുന്ന പേരുകളിൽ കെ സുരേന്ദ്രൻ ഒന്നാമനല്ലെന്നും അതേസമയം സ്വന്തം പേര് ഒട്ടേറെ മണ്ഡലങ്ങളിൽ ഒന്നാം പേരായി ഉയർന്നുവന്നുവെന്നും പി എസ് ശ്രീധരൻ പിള്ള വാർത്താക്കുറിപ്പിറക്കിയത് എന്തിനാണ്? ഈ ചോദ്യത്തിന് അഡ്വ. ജയശങ്കർ ന്യൂസ് അവറിൽ വിശദീകരിച്ച ഉത്തരം ഇങ്ങനെ. 

പാലക്കാട് പരമ്പരാഗതമായി ബിജെപിക്ക് ശക്തിയുണ്ടെങ്കിലും അവിടെ ശബരിമല ഒരു സ്വാധീന ഘടകമല്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ മണ്ഡലങ്ങളിൽ ഇത്തവണ ശബരിമല ഏറിയും കുറഞ്ഞും വോട്ടർമാരെ സ്വാധീനിക്കും. ഇവിടങ്ങളിൽ ബിജെപിയുടെ വോട്ട് വിഹിതം ഉയരാനും സാധ്യതയുണ്ട്. ഈ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് ബിജെപിക്ക് മോഹിക്കാം, മോഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ പത്തനംതിട്ടയ്ക്കായി മാത്രം പി എസ് ശ്രീധരൻ പിള്ള കിണഞ്ഞ് ശ്രമിക്കുന്നതിന് ചില കാരണങ്ങളുണ്ടെന്ന് അഡ്വ. ജയശങ്കർ പറയുന്നു. 

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ മത്സരിച്ച് വിജയത്തിന്‍റെ തൊട്ടടുത്ത് എത്തിയ മണ്ഡലമാണ് തിരുവനന്തപുരം. പക്ഷേ മിസോറാമിലെ ജോലി രാജി വച്ച് കുമ്മനം രാജശേഖരൻ മടങ്ങി വന്നതുകൊണ്ട് തിരുവനന്തപുരം പിടിച്ചാൽ കിട്ടില്ലെന്ന് പിള്ളക്കറിയാം. പിന്നെയുള്ള തൃശ്ശൂർ ബിജെപി ബിഡിജെഎസിന് പതിച്ചുകൊടുക്കുകയാണ്. അവിടെ തുഷാർ വെള്ളാപ്പള്ളി തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ബി‍ഡിജെഎസിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നതിന്‍റെ യുക്തി എന്താണെന്ന് ബിജെപിക്ക് മാത്രമേ അറിയൂ എന്ന് ജയശങ്കർ പറയുന്നു. ചിലപ്പോൾ അവരെ മുന്നണിയിൽ പിടിച്ച് നിർത്താനാകും. ഏതായാലും അവിടെയും പിള്ളയ്ക്ക് സാധ്യതയില്ല.

അടുത്തത് ആറ്റിങ്ങലാണ്. അവിടെ അതിശക്തരായ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത യുദ്ധം നടക്കുകയാണ്. എ സമ്പത്തും അടൂർ പ്രകാശും. അതുകൊണ്ട് അവിടെയും നോക്കിയിട്ട് കാര്യമില്ല. പിന്നെയുള്ളത് മാവേലിക്കരയാണ്, പക്ഷേ അത്പട്ടികജാതി സംവരണ മണ്ഡലം ആയതുകൊണ്ട് ബിജെപിയുടെ മുൻനിര നേതാക്കൾക്ക് ആ‍ർക്കും അവിടെ മത്സരിക്കാനാകില്ല. കോട്ടയമാണെങ്കിൽ നേരത്തേ തന്നെ പി സി തോമസിന് കൊടുക്കാമെന്ന് സമ്മതിച്ചും പോയി.

പിന്നെ ആകെയുള്ളത് പത്തനംതിട്ടയാണ്, പത്തനം തിട്ടയിൽ ആന്‍റോ ആന്‍റണിയും വീണ ജോർജുമാണ് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ. രണ്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്കെതിരായി ശബരിമല നിൽക്കുന്ന മണ്ഡലമായ പത്തനംതിട്ടയിൽ താൻ മത്സരിച്ചാൽ  ജയിക്കുമെന്നാണ് ശ്രീധരൻ പിള്ളയുടെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ മത്സരിക്കാൻ സർവഥാ യോഗ്യനായ സ്ഥാനാർത്ഥി താനാണെന്നാണ് ശ്രീധരൻ പിള്ള കരുതുന്നത്. അതുകൊണ്ടാണ് 2014 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ശ്രീധരൻ പിള്ള മത്സരിക്കാതെ മാറി നിന്നതും ഇപ്പോൾ മത്സരിക്കാൻ തയ്യാറാകുന്നതെന്നും അഡ്വ. ജയശങ്കർ പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള സവിശേഷമായ അടുപ്പമാണ് പത്തനംതിട്ടയിൽ മത്സരിക്കാൻ ശ്രീധരൻപിള്ളയ്ക്ക് ഇത്രയും ആത്മവിശ്വാസം കൊടുക്കുന്നതെന്ന് ജയശങ്കർ പറഞ്ഞു. പെരുന്നയിൽ കുമ്മനം ചെന്നാലും നരേന്ദ്രമോദി തന്നെ ചെന്നാലും സുകുമാരൻ നായർ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേൽക്കില്ല. ശ്രീധരൻ പിള്ള മാത്രമാണ് പെരുന്നയിൽ കസേര കിട്ടുന്ന ഒരു ബിജെപി നേതാവ്. സുകുമാരൻ നായരുടെ അതിശക്തമായ പിന്തുണ കൊണ്ട് പത്തനംതിട്ടയിൽ ജയിക്കാമെന്നാണ് ശ്രീധരൻപിള്ളയുടെ കണക്കുകൂട്ടലെന്നാണ് ജയശങ്കറിന്‍റെ നിരീക്ഷണം.

അതേസമയം ശബരിമല സമരത്തിൽ പങ്കെടുത്തവർക്ക് പിള്ള പത്തനംതിട്ടയിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും ജയശങ്കർ പറയുന്നു. കാരണം ഒരു ദിവസം പോലും അദ്ദേഹം സമരത്തിൽ നേരിട്ട് പങ്കെടുത്തില്ല. എല്ലാ ദിവസവും മുടിയും മീശയും കറുപ്പിച്ച് മാരാർജി ഭവനിലിരുന്ന് വാർത്താസമ്മേളനം നടത്തുക മാത്രമായിരുന്നു ശ്രീധരൻ പിള്ള ശബരിമല സമരത്തിൽ ചെയ്ത സംഭാവനയെന്നാണ് ജയശങ്കറിന്‍റെ പരിഹാസം. ആഴ്ചയിലൊരു ഹർത്താലിനും അദ്ദേഹം ആഹ്വാനം നൽകി. ഭരണഘടനാനുസൃതമായ ചട്ടപ്പടി സമരമായിരുന്നു പിള്ളയുടേത്. ഉമ്മൻചാണ്ടിയും എംകെ മുനീറും പങ്കെടുത്ത അത്രപോലും ശ്രീധരൻ പിള്ള ശബരിമല സമരത്തിൽ പങ്കെടുത്തില്ല. ശബരിമല അയ്യപ്പനുവേണ്ടി 28 ദിവസം ജയിലിൽ കിടന്ന കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്നാണ് സമരത്തിൽ പങ്കെടുത്ത സാധാരണക്കാരുടെ ആഗ്രഹമെന്ന് തനിക്കറിയാമെന്നും അഡ്വ. ജയശങ്കർ പറഞ്ഞു.

വീഡിയോ കാണാം

"

ശ്രീധരൻ പിള്ളയ്ക്കെതിരെ ജയശങ്കർ ഇത്രയേറെ പരിഹാസശരങ്ങൾ തൊടുത്തിട്ടും ചർച്ചയിൽ പങ്കെടുത്ത എംടി രമേശ് സംസ്ഥാന പ്രസിഡന്‍റിനെ പ്രതിരോധിക്കാൻ മുതിർന്നില്ല എന്നതും ശ്രദ്ധേയമായി. താൻ മത്സരിക്കാനില്ലെന്നും തിരുവനന്തപുരം മണ്ഡലത്തിന്‍റെ ചുമതലയുള്ളതുകൊണ്ട് മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞു. തന്നെ ഈ തർക്കത്തിൽ നിന്ന് ഒഴിവാക്കൂ എന്നായിരുന്നു രമേശിന്‍റെ മറുപടി. ബിജെപിയുടെ ഏറ്റവും ശക്തരായ നേതാക്കളെല്ലാം മത്സരത്തിനുണ്ടാകുമെന്ന് എം ടി രമേശ് ആവർത്തിച്ചു. ശബരിമല വിഷയത്തിൽ നെഞ്ചിൽ നെരിപ്പോടുമായി നിന്ന ഭക്തർ ബിജെപിക്ക് നൽകുന്ന പിന്തുണ തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും എം ടി രമേശ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios