Asianet News MalayalamAsianet News Malayalam

വിശ്വാസം തകര്‍ക്കാനാവില്ലെന്ന് മുന്നറിയിപ്പ്, കോണ്‍ഗ്രസിനും സിപിഎമ്മിനും വിമര്‍ശനം; മുന്നണികളെ ആക്രമിച്ച് മോദി

സുപ്രീംകോടതി വിധിയുടെ മറവില്‍ ചില ശക്തികള്‍ കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാനായി ലാത്തിയടിയേല്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി

will ensure constitution protection for rituals says p m modi in NDA rally in kozhikode
Author
Kozhikode, First Published Apr 12, 2019, 10:53 PM IST

കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് അണികള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രിയുടെ എന്‍ഡിഎ റാലിയിലെ പ്രസംഗം. എല്‍ഡിഎഫിനെയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും കണക്കിന് പരിഹസിക്കാന്‍ മറന്നില്ല. കേരളത്തിലെ ആചാരസംരക്ഷണത്തിന് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി പക്ഷേ ശബരിമലയുടെ പേര് പരാമര്‍ശിച്ചില്ല.  

ബി ജെ പി വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി കോഴിക്കോട് എന്‍ഡിഎ റാലിയില്‍ പറഞ്ഞു. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് തിരുത്തി.

ശബരിമലയുടെ പേരെടുത്ത് പറയാതെയാണ് വിശ്വാസസംരക്ഷണത്തെ കുറിച്ച് മോദി വാചാലനായത്. സുപ്രീംകോടതി വിധിയുടെ മറവില്‍ ചില ശക്തികള്‍ കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസം സംരക്ഷിക്കാനായി ലാത്തിയടിയേല്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് മുന്‍പ് പറഞ്ഞ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വേദിയില്‍ നിലപാട് തിരുത്തി. ശബരിമല ചര്‍ച്ചയാകില്ലെന്ന പിള്ളയുടെ നേരത്തെയുള്ള പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ ഒളിയമ്പ്. നികുതി വെട്ടിച്ചവര്‍ രാഷ്ട്രീയ ജാമ്യം നേടാനായി കേരളത്തില്‍ മത്സരിക്കാനെത്തിയിരിക്കുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം.

ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയത്. പേരില്‍ മാത്രം വ്യത്യാസമുള്ള മുന്നണികള്‍ അഴിമതി നടത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഐസ്ക്രീം പാര്‍ലര്‍, സോളാര്‍ കേസുകളില്‍ പെട്ടവരാണ് സ്ത്രീശാക്തീകരണത്തെ കുറിച്ച് വാചാലരാകുന്നതെന്നും മോദി പരിഹസിച്ചു. എന്‍ഡിഎക്ക് വോട്ടഭ്യര്‍ത്ഥിച്ച മോദി എല്ലാ മലയാളികള്‍ക്കും വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നാണ് മധുരയിലേക്ക് മടങ്ങിയത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞുവെന്നാണ് പി.സി ജോർജ് പറയുന്നത്. ബിജെപി മൽസരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാൻ ഇപ്പോൾ തയാറല്ലെന്ന് വ്യക്തമാക്കിയ  പി സി ജോർജ്  ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ കോൺഗ്രസുകാരനായ നരസിംഹറാവുവാണെന്ന് ആരോപിച്ചു.  ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായ വേദിയില്‍ പി എസ് ശ്രീധരന്‍പിള്ള, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് കൂടാതെ വടക്കന്‍ കേരളത്തിലെ സ്ഥാനാര്‍ഥികളും പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഘടകക്ഷി നേതാക്കളും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios