Asianet News MalayalamAsianet News Malayalam

'ജയിച്ചാലും രാജിവയ്ക്കും, അമേഠിയിലേക്ക് പോകും', രാഹുലിനെതിരെ പ്രചാരണം കടുപ്പിച്ച് ഇടതുപക്ഷം

ജയിച്ചാലും വയനാടിനെ ഉപേക്ഷിക്കാൻ സാധ്യതയുള്ള രാഹുല്‍ ഗാന്ധിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് എൽഡിഎഫ് ചോദിക്കുന്നു. ആരെന്ത് രാഹുൽ ഗാന്ധിയെക്കുറ്റം പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ലെന്നും. അത്രയും വോട്ട് അവർക്ക് കുറയുമെന്നുമാണ് ഈ പ്രചരണത്തോടുള്ള കോൺഗ്രസ് മറുപടി.

will rahul forfeit wayanad if he wins in amethi doubts voters
Author
Wayanad, First Published Apr 6, 2019, 7:55 PM IST

വയനാട്: രണ്ടിടത്ത് ജയിച്ചാല്‍, രാഹുല്‍ ഗാന്ധി വയനാടിനെ കൈവിടുമോയെന്ന വോട്ടർമാരുടെയും ആശങ്കയെ പ്രചാരണ ആയുധമാക്കുകയാണ് എൽഡിഎഫ് ക്യാമ്പ്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ ഗാന്ധി വയനാടിനെ കൈവിടുമെന്നും വീണ്ടും തെര‍ഞ്ഞെടുപ്പ് വരുമെന്നുമാണ് പലരും ആശങ്കപ്പെടുന്നത്. ഈ ആശങ്ക വോട്ടാക്കി മാറ്റാനാണ് എൽഡിഎഫ് ശ്രമം.

''രാഹുൽ ഗാന്ധി ജയിക്കുകയാണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് വരും, ഇത്രയും പേര് വീണ്ടും വോട്ട് ചെയ്യേണ്ടി വരും 

അമേഠിയാണ് കർമ്മഭൂമിയെന്ന് നേരത്തെ പറ‌ഞ്ഞതല്ലേ... രാജിവക്കുമെന്നുറപ്പാണ്.''

വയനാട് മണ്ഡലത്തിലെ ചില വോട്ടർമാരുടെ വാക്കുകളാണിത്. ഫാസിസവും വര്‍ഗീയതയും മോദി ഭരണവുമൊക്കെ വയനാട്ടിലെ പ്രസംഗവേദികളില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തുന്ന എൽഡിഎഫ് പകരം നാട്ടുകാരുടെ ഈ സംശയത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. 

ജയിച്ചാലും വയനാടിനെ ഉപേക്ഷിക്കാൻ സാധ്യതയുള്ള രാഹുല്‍ ഗാന്ധിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും, മണ്ഡലം നിലനിര്‍ത്തിയാലും സാധാരണക്കാരന് എം.പിയെക്കാണാൻ എങ്ങനെ സാധിക്കുമോയെന്നും എൽഡിഎഫ് ചോദിക്കുന്നു. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീർ ഇക്കാര്യങ്ങൾ പറഞ്ഞാണ് തെര‌ഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുന്നത്. 

ഹെലികോപ്റ്ററിൽ നിന്ന് ടാറ്റ കാണിക്കുന്ന ഒരാളോട് ജനങ്ങൾ എങ്ങനെ ആവശ്യങ്ങൾ പറയുമെന്ന് ചോദിക്കുന്ന സുനീർ പരാതി പോലും കൊടുക്കാൻ കഴിയാത്ത ഒരാൾക്ക് വോട്ട് ചെയ്യണോ എന്ന് ചോദിച്ചാണ് വോട്ട് തേടുന്നത്. ഫോട്ടോ നോക്കി വോട്ട് ചെയ്യുന്നവരല്ല മലയാളികളെന്നും പി പി സുനീർ ആവർത്തിക്കുന്നു.

ആരെന്ത് രാഹുൽ ഗാന്ധിയെക്കുറ്റം പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ലെന്നും. അത്രയും വോട്ട് അവർക്ക് കുറയുമെന്നുമായിരുന്നു ഈ പ്രചരണത്തോടുള്ള കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ പ്രതികരണം. അമേഠിയില്‍ പകരക്കാരിയായി പ്രിയങ്ക ഗാന്ധി വരുമെന്നും വയനാട് എംപിയായി രാഹുല്‍ ഗാന്ധി തുടരുമെന്നുമാണ് യുഡിഎഫ് നേതാക്കൾ പ്രതീക്ഷിക്കുന്നതും പ്രസംഗിക്കുന്നതും.

"

Follow Us:
Download App:
  • android
  • ios