Asianet News MalayalamAsianet News Malayalam

ചെക്കിൽ ഒപ്പിടും മുന്‍പ് എന്തൊക്കെ ചെക്ക് ചെയ്യണം; ഈ കാര്യങ്ങള്‍ പ്രധാനം

ചെക്ക് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഒരു ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്

cheque transactions, check these things before signing a cheque leaf
Author
First Published Apr 24, 2024, 2:40 PM IST

ഏറ്റവും വിശ്വസനീയമായ പേയ്മെന്റ് രീതികളിലൊന്നാണ് ചെക്ക്. അതുകൊണ്ടുതന്നെ ഇപ്പോഴും മിക്ക ഇടപാടുകൾക്കും ചെക്ക് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഒരു ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഒരു ചെക്കിലെ ഒപ്പ് എന്നത് അതിലെ പേയ്‌മെന്റിനുള്ള അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്.  ചെക്കിൽ ഒപ്പിടുന്നതിന് മുമ്പ്  സ്വീകർത്താവിനെയും അവരുടെ ഉദ്ദേശ്യമെന്തെന്നും കൃത്യമായി  അറിഞ്ഞിരിക്കണം. ഒരു ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്യപ്പെടുകയോ അല്ലെങ്കിൽ പൂരിപ്പിക്കുകയോ  ചെയ്യാതിരുന്നാൽ സാമ്പത്തിക നഷ്ടങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകും. ചെക്ക് ലീഫിൽ ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം.

അക്കൗണ്ടിൽ  മതിയായ ഫണ്ട് ഉറപ്പാക്കുക

ചെക്കിൽ ഒപ്പിടുന്നതിന് മുൻപ്  നിങ്ങളുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. സാമ്പത്തിക വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും  ഒരു ചെക്ക് നൽകുന്നതിന് മുമ്പ് മതിയായ ഫണ്ട് സൂക്ഷിക്കുന്നത് പരമപ്രധാനമാണ്.ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാതെ ഒരു ചെക്ക് ഇഷ്യൂ ചെയ്താൽ ചെക്ക് ബൗൺസ് ആവുകയും നിയമപ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും

തീയതി കൃത്യമായി എഴുതുക

ചെക്കിലെ തീയതി ശരിയാണെന്നും, അത് ഇഷ്യു ചെയ്യുന്ന ഡേറ്റുമായി  പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത് വ്യക്തത ഉറപ്പാക്കുകയും ചെക്ക് എപ്പോൾ സാധുതയുള്ളതാകുമെന്ന ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യുന്നു. തീയതികൾ തെറ്റിപ്പോയാൽ സ്വീകർത്താവിന്റെ ബാങ്ക് ചെക്ക് നിരസിക്കാനിടയാകും.  

ചെക്കിലെ പേര്

 ചെക്ക് നൽകുന്ന വ്യക്തിയുടെയോ ബിസിനസ്സിന്റെയോ പേര് വ്യക്തമായും കൃത്യമായും എഴുതുക എന്നതും പ്രധാനമാണ് . ശരിയായി പേര് എഴുതിയാൽ മാത്രമേ ചെക്ക് ഉദ്ദേശിച്ച സ്വീകർത്താവിലേക്ക് എത്തുകയുള്ളു.  പേര് എഴുതുന്നതിൽ തെറ്റ് വന്നാൽ ചെക്ക് നിരസിക്കാനിടയുണ്ട്.

തുക രണ്ടുതവണ പരിശോധിക്കുക

ചെക്ക് ലീഫിൽ തുക എഴുതുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്.  തെറ്റുകൾ ഉണ്ടാകാതിരിക്കാൻ ചെക്കിൽ നിങ്ങൾ എഴുതുന്ന തുക രണ്ടാമതൊന്നുകൂടി പരിശോധിക്കുക. ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് തുക പരിശോധിച്ചുറപ്പിക്കുന്നതിലൂടെ,  പേയ്‌മെന്റ് കൃത്യമാണെന്നുറപ്പിക്കാം.  

ചെക്കിലെ  ഒപ്പ്

 മുഴുവൻ പേര് എഴുതിയതിന് ശേഷം മാത്രം തന്നിരിക്കുന്ന സ്ഥലത്ത് ചെക്കിൽ ഒപ്പിടുക. നിങ്ങളുടെ ഒപ്പ്  ബാങ്കിൽ നൽകിയ അതേ ഒപ്പുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. പൊരുത്തക്കേട് ഉണ്ടായാൽ ബാങ്ക്  ചെക്ക് നിരസിക്കാൻ സാധ്യതയുണ്ട്,

ചെക്ക് നമ്പർ സൂക്ഷിക്കാം

ചെക്ക് നമ്പർ സൂക്ഷിക്കുകയും അത് സുരക്ഷിതമായി മറ്റ് എവിടെയെങ്കിലും രേഖപ്പെടുത്തുകയും ചെയ്യുക. തട്ടിപ്പുകളോ മറ്റോ ഉണ്ടായാൽ നിങ്ങൾക്ക്  ഈ ചെക്ക് നമ്പർ ഉപയോഗിച്ച് സംശയങ്ങൾ തീർക്കുകയോ, ബാങ്കിന് കൈമാറുകയോ ചെയ്യാം.

Follow Us:
Download App:
  • android
  • ios