Asianet News MalayalamAsianet News Malayalam

പണം ഉണ്ടാക്കാൻ മാത്രം പഠിച്ചാൽ പോരാ., കൈകാര്യം ചെയ്യാൻ അറിഞ്ഞില്ലെങ്കിൽ പാപ്പരാകും; ഈ 4 കാര്യങ്ങൾ ഓർക്കുക

സൂക്ഷ്മതയും കരുതലോടെയും പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമ്പത്ത് നിലനിർത്താൻ കഴിയൂ. വരുമാനവും ചെലവും എല്ലാം അറിഞ്ഞ് കൃത്യമായി പ്ലാൻ ചെയ്യണം.

financial freedom is important considering these 4 factors
Author
First Published May 8, 2024, 6:41 PM IST

സാമ്പത്തിക സുസ്ഥിര നേടുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. സൂക്ഷ്മതയും കരുതലോടെയും പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമ്പത്ത് നിലനിർത്താൻ കഴിയൂ. വരുമാനവും ചെലവും എല്ലാം അറിഞ്ഞ് കൃത്യമായി പ്ലാൻ ചെയ്യണം. ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്രം നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട നാലു ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

1 എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക

അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിലെ വെല്ലുവിളിയിലാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ 6 മുതല്‍ 12 മാസത്തേക്ക് ആവശ്യമായ വീട്ടുചെലവിന് തുല്യമായ തുക, ഒരു എമര്‍ജന്‍സി ഫണ്ട് ആയി സ്വരൂപിക്കണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുക, ജോലി നഷ്ടമാകുക പോലെയുള്ള അടിയന്തര ഘട്ടങ്ങളിലെ വിനിയോഗത്തിനു വേണ്ടി മാത്രമേ ഈ തുക ഉപയോഗപ്പെടുത്താവൂ. എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ സ്വരൂപിച്ച തുക, ഉയര്‍ന്ന വിശ്വാസ്യതയുള്ള 'ഡെറ്റ് മ്യൂച്ചല്‍ ഫണ്ടു'കളില്‍ നിക്ഷേപിക്കാം. 3 വര്‍ഷത്തിനു മുകളില്‍ ഈ പണം ഡെറ്റ് മ്യൂച്ചല്‍ ഫണ്ടില്‍ കിടക്കുന്നുണ്ടെങ്കില്‍ ബാങ്ക്് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നികുതി ആനുകൂല്യവും ലഭ്യമാകും.

2 പര്യാപ്തമായ ഇന്‍ഷൂറന്‍സ് പരിരക്ഷ

അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ചികിത്സാ ചെലവുകള്‍ കാരണം, കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷയ്ക്ക് യോജിച്ചതും പര്യാപ്തവുമായ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കവറേജ് ഇന്നത്തെ അനിവാര്യതയാണ്. പൊതുവില്‍ കരുതപ്പെടുന്ന പ്രായോഗിക മാതൃക അനുസരിച്ച്, വാര്‍ഷിക വരുമാനത്തിന്റെ 40 ശതമാനമെങ്കിലും ഹെല്‍ത്ത്് ഇന്‍ഷൂറന്‍സ് കവറേജായി വേണം. അതേസമയം ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കായി മികച്ച 'ടേം പ്ലാന്‍' തെരഞ്ഞെടുക്കുക. വാര്‍ഷിക വരുമാനത്തിന്റെ 10 മടങ്ങിലധികമായിരിക്കണം ടേം പ്ലാനിന്റെ കവറേജായി വേണ്ടത്.

3 വായ്പ മുന്‍കൂട്ടി അടയ്ക്കുക

പലിശ നിരക്ക് കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍, കഴിയുമെങ്കില്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുന്നത്, പ്രത്യേകിച്ചും ദീര്‍ഘകാലയളവിലേക്ക് എടുത്തത്, പലിശഭാരം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം സമീപകാലത്ത് വായ്പ എടുത്തവരില്‍ പലിശ വര്‍ധിച്ചതു കാരണം ഇഎംഐ അടയ്ക്കുന്നതിന് സാമ്പത്തിക ഞെരുക്കും നേരിടുന്നവര്‍, തിരിച്ചടവിന്റെ കാലയളവ് ദീര്‍ഘിപ്പിക്കുന്നതാകും ഉചിതം. എന്നിരുന്നാലും നിര്‍ണായക സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഇതിനകം തുടങ്ങിവെച്ചിട്ടുള്ള നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുകയും ചെയ്യരുത്.

4 ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍

750 നിലവാരത്തിന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ മുഖേന മികച്ച വായ്പ ഇടപാടിനും ക്രെഡിറ്റ് കാര്‍ഡിനുമുള്ള അവസരം ലഭിക്കും. എടുത്തിട്ടുള്ള വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) മുടങ്ങാതെ നോക്കണം. ഇതിനു ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിര്‍ദ്ദിഷ്ട തീയതിയില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ ക്രെഡിറ്റ് ബ്യൂറോയില്‍ അറിയിക്കും. അതുപോലെ വര്‍ഷം ഒരു തവണയെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതും നല്ലതാണ്. ഇതിലൂടെ ഏതെങ്കിലും തെറ്റായ വിവരം ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്രെഡിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനും തെറ്റ് തിരുത്താനും സാധിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios