Asianet News MalayalamAsianet News Malayalam

ജെഫ് ബെസോസ്സ് ആഗോള കോടീശ്വരന്‍, ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി

ഫോർബ്സ് പട്ടികയിൽ ചരിത്രത്തിലാദ്യമായി എട്ട് മലയാളികൾ. എംഎ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. ചൈനയിലെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ ഇടിവ്. 

Mukesh amabani becomes the richest indian in Forbes millionaire list
Author
Mumbai, First Published Mar 7, 2019, 1:05 PM IST

ഫോബ്സിന്‍റെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങി. ആമസോൺ തലവൻ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തി. ചരിത്രത്തിലാദ്യമായി എട്ട് മലയാളികളും ആഗോള സമ്പന്നരുടെ പട്ടികയിൽ ഇടം നേടി. 

ഓൺലൈൻ വ്യാപാരഭീമൻ ആമസോണിന്റെ തലവൻ ജെഫ് ബെസോസ്സ് 13,100 കോടി ഡോളറിന്‍റെ ആസ്തിയുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 9,650 കോടി ഡോളർ സമ്പത്തുമായി മൈക്രോസോഫ്റ്റിന്‍റെ ബിൽ ഗേറ്റ്സാണ് രണ്ടാം സ്ഥാനത്ത്. ബെർക് ഷെയർ ഹാത്‍വേ ഗ്രൂപ്പ് മേധാവി വാറൻ ബഫറ്റ്, എൽവിഎംഎച്ച് ഗ്രൂപ്പ് സിഇഒ ബെർണാൾഡ് അർണോൾഡ് എന്നിവരാണ് ഇവർക്ക് പിന്നിലുള്ളത്.  ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ്  എട്ടാം സ്ഥാനത്തും ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് പത്താം സ്ഥാനത്തുമുണ്ട്. 

5000 കോടി ഡോളർ ആസ്തിയുമായി ഇന്ത്യയുടെ ഒന്നാമത്തെ കോടീശ്വരനായി മാറിയ മുകേഷ് അംബാനി ആ​ഗോള പട്ടികയിൽ പക്ഷേ 13-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 19-ാം സ്ഥാനത്തായിരുന്നു മുകേഷ്. റിലയൻസ് ജിയോയുടെ കുതിപ്പിനൊപ്പം ഇന്ധന വ്യാപാരരം​ഗത്ത് നിന്നുള്ള വർധിച്ച വരുമാനം മുകേഷിന്റെ കുതിപ്പിന് കരുത്തേകി. വിപ്രോയുടെ അസിം പ്രേംജി, എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ, ആഴ്സണൽ മിത്തൽ തലവൻ ലക്ഷ്മി മിത്തൽ എന്നിവരാണ് മുകേഷിന് പിറകിൽ വരുന്ന ഇന്ത്യൻ സമ്പന്നർ. 

രാജ്യത്തെ ആദ്യ ഇരുപത് സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ്. ഇന്ത്യൻ സമ്പന്നരിൽ 19-ാം സ്ഥാനത്താണ് യൂസഫലിയുള്ളത്.ആഗോള പട്ടികയിൽ 394ആം സ്ഥാനത്തും. ആ​ഗോളപട്ടികയിൽ 529-ാം സ്ഥാനവുമായി ആർ പി ഗ്രൂപ്പ് മേധാവി രവി പിള്ള, 962-ാം റാങ്കുമായി ‍ജെംസ് എഡ്യുക്കേഷൻ തലവൻ സണ്ണി വർക്കി, 1057-ാം സ്ഥാനത്ത് ഇൻഫോസിസ് മുൻ ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ, 1605-ാം സ്ഥാനത്ത് ഇൻഫോസിസ് മുൻ മാനേജിംഗ് ഡയറക്ടർ ഷിബുലാൽ എന്നിവരുണ്ട്. വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ 1605 സ്ഥാനത്താണ്. കല്ല്യൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്ല്യാണരാമൻ 1818ആം സ്ഥാനത്ത് എത്തി.ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോനും പട്ടികയിൽ ഇടം കണ്ടെത്തി.

Follow Us:
Download App:
  • android
  • ios