Asianet News MalayalamAsianet News Malayalam

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ആണെങ്കിൽ കോളടിച്ചു; ഉയര്‍ന്ന വരുമാനം നല്‍കുന്ന 4 ബാങ്കുകള്‍

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ആണോ? നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഉയർന്ന വരുമാനം സ്വന്തമാക്കാം. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം നൽകുന്ന ബാങ്കുകൾ ഇവയാണ് 
 

Super Senior Citizen Fixed Deposits  Interest Rates
Author
First Published Dec 21, 2022, 5:16 PM IST

സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്ക്, രാജ്യത്തെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പൊതുവേ ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ചില ബാങ്കുകളാകട്ടെ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗങ്ങള്‍ക്ക് അധിക പലിശ കൂടി നല്‍കുന്നുണ്ട്. 0.50% മുതല്‍ 0.75% വരെയാണ് വിവിധ ബാങ്കുകള്‍ അധിക പലിശയായി നല്‍കുന്നത്.

ആരാണ് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍?

തൊട്ടമുമ്പത്തെ വര്‍ഷത്തിനിടെ 60 വയസ് തികഞ്ഞ സ്ഥിരവാസിയായ വ്യക്തികളെയാണ് മുതിര്‍ന്ന പൗരന്മാര്‍ അഥവാ സീനിയര്‍ സിറ്റിസണ്‍ എന്നു വിശേഷിപ്പിക്കുന്നത്. അതുപോലെ 80 വയസ് പൂര്‍ത്തിയായ സ്ഥിരതാമസക്കാരനായ വ്യക്തികളെയാണ് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്നു വിശേഷിപ്പിക്കുന്നത്.

ആര്‍ബിഎല്‍ ബാങ്ക്

60 വയസിന് മുകളിലും 80 വയസിന് താഴെയുമുള്ള സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍, ഏതു കാലയളവിലേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അധികമായി 0.50% പലിശ ലഭിക്കും. സമാനമായി 80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗം നിക്ഷേപകര്‍ക്ക് അധികമായി 0.75% പലിശയും നേടാനാകും. അതേസമയം, സമീപകാലത്ത് ആദായ നിരക്കുകള്‍ ഉയര്‍ത്തിയതോടെ മുന്‍നിര സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ആര്‍ബിഎല്‍ ബാങ്കിലെ സൂപ്പര്‍ സീനിയര്‍ സിറ്റിസണിന്റെ നിക്ഷേപങ്ങള്‍ക്ക് 8.30% പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.

യൂണിയന്‍ ബാങ്ക്

പ്രമുഖ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍, ഏത് കാലയളവിലേക്കുമുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക്, 60-80 പ്രായത്തിലുള്ള സീനിയര്‍ സിറ്റിസണ്‍ നിക്ഷേപകനാണെങ്കില്‍ 0.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണിന് 0.75 ശതമാനം വീതവും അധിക പലിശ നല്‍കുന്നു. 800 ദിവസം മുതല്‍ 3 വര്‍ഷം വരെ കാലാവധിയിലേക്കുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണിന്റെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.05% നിരക്കില്‍ പലിശ ലഭിക്കും. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് യൂണിയന്‍ ബാങ്ക്, ഏറ്റവുമധികം ആദായം നല്‍കുന്ന കാലയളവുമാണിത്. പുതിയ പലിശ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തിലുണ്ട്.

പിഎന്‍ബി

പ്രമുഖ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ പിഎന്‍ബിയില്‍, 60-80 പ്രായ വിഭാഗത്തിലുള്ള സീനിയര്‍ സിറ്റിസണ്‍ നിക്ഷേപകനാണെങ്കില്‍, 2 കോടിയില്‍ താഴെയും 5 വര്‍ഷം വരെ കാലാവധിയിലേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.80 ശതമാനം വീതവും അധിക പലിശ നല്‍കും. അതേസമയം സൂപ്പര്‍ സീനിയര്‍ സിറ്റിസണിന്, ഏതു കാലാവധിയിലേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് 0.80% വീതം അധിക പലിശ നല്‍കുന്നുണ്ട്. ഇതുപ്രകാരം 666 ദിവസ കാലാവധിയിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണിന്റെ നിക്ഷേപങ്ങള്‍ക്ക് പിഎന്‍ബിയുടെ ഏറ്റവും ഉയര്‍ന്ന ആദായ നിരക്കായ 8.10% പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുക്കിയ പലിശ നിരക്കുകള്‍ ഡിസംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇന്ത്യന്‍ ബാങ്ക്

മുന്‍നിര പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ ഇന്ത്യന്‍ ബാങ്ക്, സീനിയര്‍ സിറ്റിസണിന് നല്‍കുന്ന പലിശയേക്കാള്‍ അധികമായി 0.25% നിരക്കില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios