Asianet News MalayalamAsianet News Malayalam

2022-ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 5 മ്യൂച്ചല്‍ ഫണ്ടുകള്‍ ഇവയാണ്...

2022-ന് തിരശീല വീഴുന്ന പശ്ചാത്തലത്തില്‍ ഈവര്‍ഷം മികച്ച നേട്ടം കൈവരിച്ച 5 പ്രധാന മ്യൂച്ചല്‍ ഫണ്ടുകളെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്. 

These are the 5 highest gainer mutual funds in 2022
Author
First Published Dec 18, 2022, 3:33 PM IST

മുംബൈ: സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകളിലൂടെ ലഭിക്കുന്നത്. അതായത്, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന പണം, ഒന്നായി സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണെന്ന് ചുരുക്കം.

അതേസമയം ഓഹരി വിപണിയിലെ നീക്കങ്ങള്‍ക്ക് സമാനമായി മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രകടനവും വിലയിരുത്തുന്നത് ഉചിതമായിരിക്കും. ഇതിലൂടെ ഏതൊക്കെ തരം ഫണ്ടുകള്‍ മികച്ച പ്രകടനം നടത്തിയേക്കാമെന്ന സൂചനകള്‍ ലഭിക്കും. എന്നിരുന്നാലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്ന ആദായം നല്‍കണമെന്നുമില്ല. 2022-ന് തിരശീല വീഴുന്ന പശ്ചാത്തലത്തില്‍ ഈവര്‍ഷം മികച്ച നേട്ടം കൈവരിച്ച 5 പ്രധാന മ്യൂച്ചല്‍ ഫണ്ടുകളെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്. (മ്യൂച്ചല്‍ ഫണ്ട് റിസര്‍ച്ച് ടൂള്‍ സേവന ദാതാക്കളായ ഏസ് എംഎഫ് പുറത്തിറക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ ലേഖനം)

എസ്ബിഐ പിഎസ്‌യു ഫണ്ട്-ഗ്രോത്ത്

2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ എസ്ബിഐ പിഎസ്‌യു ഫണ്ട് (ഗ്രോത്ത്) നല്‍കിയ നേട്ടം 32.6 ശതമാനമാണ്. ഏറ്റവുമൊടുവില്‍ എന്‍എവി 16.47 രൂപയിലാണ് നില്‍ക്കുന്നത്. നിലവില്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് 535.01 കോടിയും എക്‌സ്‌പെന്‍സ് റേഷ്യോ 2.54 ശതമാനവുമാണ്. തീമാറ്റിക്-പിഎസ്‌യു വിഭാഗത്തിലുള്ള ഫണ്ടാണിത്. നവംബര്‍ മാസത്തെ രേഖകള്‍ പ്രകാരം 22 ഓഹരികളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ ധനകാര്യം 40%, കാപിറ്റല്‍ ഗുഡ്‌സ് 20%, എനര്‍ജി 18% എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ഫണ്ട് വിന്യാസം.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇന്‍ഫ്രാ ഫണ്ട്-ഗ്രോത്ത്

ഈവര്‍ഷം ഇതുവരെയായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (ഗ്രോത്ത്) കൈവരിച്ച നേട്ടം 31.9 ശതമാനമാണ്. നിലവില്‍ എന്‍എവി 103.03 രൂപയിലാണുള്ളത്. കൈകാര്യം ചെയ്യുന്ന ഫണ്ട് 2,254.96 കോടിയും എക്‌സ്‌പെന്‍സ് റേഷ്യോ 2.21 ശതമാനവുമാണ്. ഇക്വിറ്റി: സെക്ടറല്‍-ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലുള്ള ഫണ്ടാണിത്. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം 52 ഓഹരികളിലാണ് ഫണ്ട് നിക്ഷേപമിറക്കിയിട്ടുള്ളത്.

ആദിത്യ ബിര്‍ള എസ്എല്‍ പിഎസ്‌യു ഇക്വിറ്റി ഫണ്ട്-റെഗുലര്‍

2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ട്- റെഗുലര്‍ (ഗ്രോത്ത്) നല്‍കിയ നേട്ടം 31.3 ശതമാനമാണ്. ഏറ്റവുമൊടുവില്‍ എന്‍എവി 17.66 രൂപയിലാണുള്ളത്. നിലവില്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് 1,020.57 കോടിയും എക്‌സ്‌പെന്‍സ് റേഷ്യോ 2.26 ശതമാനവുമാണ്. ഇക്വിറ്റി: തീമാറ്റിക്-പിഎസ്‌യു വിഭാഗത്തിലുള്ള ഫണ്ടാണിത്. നവംബര്‍ മാസത്തെ രേഖകള്‍ പ്രകാരം 34 ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ ധനകാര്യം 31%, എനര്‍ജി 31%, മെറ്റല്‍സ് & മൈനിങ് 9% എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ഫണ്ട് വിന്യാസം.

ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ട്-റെഗുലര്‍

ഈവര്‍ഷം ഇതുവരെയായി ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ട്-റെഗുലര്‍ (ഗ്രോത്ത്) കൈവരിച്ച നേട്ടം 27.2 ശതമാനമാണ്. നിലവില്‍ എന്‍എവി 14.18 രൂപയിലാണുള്ളത്. കൈകാര്യം ചെയ്യുന്ന ഫണ്ട് 204.29 കോടിയും എക്‌സ്‌പെന്‍സ് റേഷ്യോ 2.31 ശതമാനവുമാണ്. ഇക്വിറ്റി: തീമാറ്റിക്ക് വിഭാഗത്തിലുള്ള ഫണ്ടാണിത്. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം 24 ഓഹരികളിലാണ് ഫണ്ട് നിക്ഷേപമിറക്കിയിട്ടുള്ളത്. ഇതില്‍ ധനകാര്യം 28%, കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ് 17%, എനര്‍ജി 12%, മെറ്റല്‍സ് & മൈനിങ് 10% എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ഫണ്ട് വിന്യാസം.

ഇന്‍വെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ട്

2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഇന്‍വെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ട് (ഗ്രോത്ത്) നല്‍കിയ നേട്ടം 23.3 ശതമാനമാണ്. ഏറ്റവുമൊടുവില്‍ എന്‍എവി 31.65 രൂപയിലാണുള്ളത്. നിലവില്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് 421.22 കോടിയും എക്‌സ്‌പെന്‍സ് റേഷ്യോ 2.43 ശതമാനവുമാണ്. ഇക്വിറ്റി: തീമാറ്റിക്-പിഎസ്‌യു വിഭാഗത്തിലുള്ള ഫണ്ടാണിത്. നവംബര്‍ മാസത്തെ രേഖകള്‍ പ്രകാരം 21 ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ എനര്‍ജി 31%, ധനകാര്യം 27%, കാപിറ്റല്‍ ഗുഡ്‌സ് 16% എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ഫണ്ട് വിന്യാസം.
 

Latest Videos
Follow Us:
Download App:
  • android
  • ios