news
By Web Desk | 08:06 PM April 02, 2018
ആലപ്പുഴക്കാരന്‍റെ കല്യാണം കൂടാനെത്തിയത് 31 വിദേശികള്‍; കൗതുകം നിറച്ചൊരു വിവാഹം

Highlights

  • വിദേശികളില്‍ ഭൂരിഭാഗം പേരെയും അലക്സിസ് യാത്രക്കിടെ പരിചയപ്പെതാണ്

ആലപ്പുഴ : മലയാളി യുവാവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത് 31 വിദേശികള്‍. ഫൊട്ടോഗ്രഫറായ കെ.പി.എബ്രഹാമിന്റെയും പ്രിന്‍സിപ്പലായ ഉഷ വി.ജോര്‍ജിന്റെയും മകനായ അലക്‌സ് പാപ്പന്‍ എബ്രഹാമിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണു 29 ജര്‍മ്മന്‍കാരും രണ്ടു റഷ്യക്കാരും ഓണാട്ടുകരയിലെത്തി താമസിച്ചത്. ഇന്നലെ മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലായിരുന്നു അലക്‌സും നെല്ലിമല മണക്കുളങ്ങര മാത്തുക്കുട്ടി ജോര്‍ജിന്റെയും അന്നമ്മ സഖറിയയുടെയും മകളായ ഷേറിന്‍ മാത്യു ജോര്‍ജും തമ്മിലുള്ള വിവാഹം. 

രണ്ടാം തവണ കേരളത്തിലെത്തിയ റൂഡിക്കും അന്നയ്‌ക്കൊപ്പം ദമ്പതികളായ ബാല്‍ത്തസാറും മെലനിയും അവരുടെ മക്കളായ മത്തില്‍ഡേ (ഏഴ്), ബെല (മൂന്ന്), മീരി (രണ്ട്), ആദ്യമായി യൂറോപ്പിനു പുറത്തേക്കു സഞ്ചരിച്ച കാതറിന്‍, ലിസി, സോണിയ, യാക്കോബ്, റൂബന്‍, സിമോണെ, റോബര്‍ട്ട്, ഫോള്‍ക്കര്‍, അലീസ, ബോഡോ, ഈലാസ്, സ്റ്റെഫി, ഫാബി, ലൊറന്റ്, ഫാബിയോ, മര്‍ക്കുസ്, മോണിക്ക, ആര്‍തര്‍, ക്രിസ്ത്യാന്‍, യൊഹാന്നസ്, സീമോന്‍, മാര്‍ട്ടിന്‍, റഷ്യക്കാരായ ഈഗോര്‍, ഉസ്തിനോവ എന്നിവരാണു വിവാഹത്തിനായി മാവേലിക്കരയിലെത്തിയത്. കേരളീയ തനിമയില്‍ വസ്ത്രധാരണം നടത്തിയാണു ഭൂരിപക്ഷവും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 

വിവാഹത്തില്‍ പങ്കെടുത്ത വിദേശികളില്‍ ഭൂരിഭാഗം പേരെയും അലക്സിസ് യാത്രക്കിടെ പരിചയപ്പെട്ടവരാണ്.  ഒരു സുഹൃത്തായ ക്രിസ്ത്യാന്‍ അലക്‌സിനെ പരിചയപ്പെട്ടതു ക്യൂബയിലേക്കുള്ള യാത്രയിലാണ്. പിന്നീട് അതു നല്ല സൗഹൃദമായി മാറി. കുടുംബസമേതം വിവാഹത്തിനെത്തിയ ബാത്സര്‍ ഒരു മാസമായി അലക്‌സിനോടു ചോദിച്ചു ഓരോ മലയാളം വാക്കുകളും പഠിക്കുന്നുണ്ട്. ലഭിച്ച ജോലിയില്‍ പ്രവേശിക്കുന്നതു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒരു മാസത്തേക്കു മാറ്റിവെച്ചശേഷമാണു റോബര്‍ട്ട് എത്തിയത്. പിഎച്ച്ഡി ചെയ്യുന്ന ഫാബിയോ, മാര്‍ക്കുസ്, മോണിക്ക എന്നിവര്‍ വകുപ്പു മേധാവിയുടെ പ്രത്യേക അനുമതി വാങ്ങിയാണു കല്യാണത്തിനായി വിവാഹത്തിനെത്തിയത്. 

ലോറയും ഫാബിയോയും ബൈക്കില്‍ ഹിമാലയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണു കേരളത്തിലേക്കു എത്തിയതെങ്കില്‍ യൊഹാന്നാസ്  ഒറ്റയ്ക്കു ഹിമാലയത്തിലേക്കു യാത്രതിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളികളുടെ സൗഹൃദത്തെയും ഇംഗ്ലീഷ് മനസിലാക്കുന്നതിനുള്ള മിടുക്കിനെയും പ്രശംസിച്ച സംഘം ചോദിക്കാതെ ഫോട്ടോ എടുക്കുന്നതിനും ഫോര്‍ട് കൊച്ചിയിലും മറ്റും നിര്‍ബന്ധിച്ചു കടയില്‍ കയറ്റി വന്‍ വിലയ്ക്കു സാധനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിലുള്ള അമര്‍ഷവും മറച്ചുവെച്ചില്ല. ജര്‍മ്മിനിയില്‍ ഐടി എന്‍ജിനീയറായി ജോലി ചെയ്യുന്ന അലക്‌സ് എംഎസ് പഠനത്തിനായാണു ആദ്യം ജര്‍മനിയില്‍ എത്തിയത്. അവിടെ അലക്‌സിനൊപ്പം പഠിച്ചവര്‍, ഇപ്പോള്‍ ഒപ്പം ജോലിചെയ്യുന്നവര്‍, താമസ സ്ഥലത്തെ അയല്‍വാസികള്‍ എന്നിവരാണു വിവാഹത്തിനായി നാട്ടിലെത്തിയത്.

Show Full Article


Recommended


bottom right ad