Asianet News MalayalamAsianet News Malayalam

ആരുഷി തല്‍വാര്‍ വധക്കേസ്; മാതാപിതാക്കള്‍ കുറ്റവിമുക്തര്‍

Aarushi Talwar Murder Case Rajesh And Nupur Talwar Acquitted By Allahabad High Court
Author
First Published Oct 12, 2017, 3:12 PM IST

ന്യൂഡല്‍ഹി: ആരുഷി തൽവാര്‍ വധക്കേസിൽ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനെയും നുപുര്‍ തൽവാറിനേയും അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്‍റെ ആനുകൂല്യം നൽകിയാണ് അലഹാബാദ് കോടതി തൽവാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. ജീവപര്യന്തം ശിക്ഷിച്ച ഗാസിയാബാദ് സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്നായിരുന്നു സിബിഐയുടെ പ്രതികരണം

2008 മേയിലാണ് 14 വയസ്സുള്ള ആരുഷി തൽവാറിനെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കാണാതായി വീട്ടു ജോലിക്കാരൻ നേപ്പാളുകാരൻ ഹേംരാജിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. രണ്ടാംദിവസം ഹേംരാജിനെ വീടിന്‍റെ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് അന്വേഷണത്തിനെതിരെ വിമര്‍ശനമുയര്‍പ്പോഴാണ് കേസ് സിബിഐക്ക് വിട്ടത്.   ആരുഷിയുടേയും ഹേംരാജി​​​​​​ന്‍റേയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊന്നതെന്ന നിഗമനത്തിലായിരുന്നു സിബിഐ  സംഘം.  

2013 നവംബറിലാണ് ആരുഷി തൽവാറിനെയും വീട്ടു ജോലിക്കാരൻ ഹേംരാജിനേയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറും നുപൂര്‍ തൽവാറുമാണെന്ന സിബിഐയുടെ കണ്ടെത്തൽ ശരിവച്ച് ഗാസിയ ബാദിലെ സിബിഐ കോടതി ഇരുവരേയും ജീവപര്യന്തത്തിന് ശിക്ഷിച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കോടതിവിധിയെ ചോദ്യം ചെയ്ത് തൽവാര്‍ ദമ്പതികൾ നൽകിയ അപ്പീൽ അലഹാബാദ് ഹൈക്കോടതി അംഗീകരിച്ചു. തൽവാര്‍ ദമ്പതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇരുവരേയും വെറുതെവിട്ടു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാനാകില്ലെന്നും സംശായതീതമായി കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നും ജസ്റ്റിസ് ബി.കെ നാരായണ, എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രണ്ട് സംഘം അന്വേഷിച്ചിട്ടും  അന്വേഷിച്ചിട്ടും തൽവാര്‍ ദന്പതികൾക്കെതിരെ തെളിവുകൾ ശേഖരിക്കാൻ സിബിഐക്കായിരുന്നില്ല.

കൊലപാതകത്തിൽ തൽവാര്‍ ദന്പതികൾക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയ സിബിഐ എന്നാൽ തെളിവുകളില്ലാത്തതിനാൽ അന്വേഷം അവസാനിപ്പിച്ചാണ് വിചാരണക്കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാൽ സാഹചര്യത്തെളിവുകൾ കണക്കിലെടുത്ത വിചാരണ കോടതി കുറ്റം ചുമത്തി. ഇതിനെതിരെ തൽവാര്‍ ദന്പതികൾ സുപ്രീംകോടതിയിലെത്തിയെങ്കിലും ഇരുവരും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

സംഭവസമയത്ത് തൽവാര്‍ ദമ്പതികളല്ലാതെ ആരും വീട്ടിലേക്കെത്താൻ സാധ്യതയില്ലെന്നും കിടപ്പുമുറിയടക്കം വൃത്തിയാക്കി തെളിവു നശിപ്പിക്കാൻ തൽവാര്‍ ദന്പതികൾ ശ്രമിച്ചുവെന്നുമുള്ള സിബിഐയുടെ കണ്ടെത്തലാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.

Follow Us:
Download App:
  • android
  • ios