Asianet News MalayalamAsianet News Malayalam

ദിലീപ് നല്‍കിയത് 1.5 കോടിയുടെ ക്വട്ടേഷന്‍; പദ്ധതിയിട്ടത് വാഹനത്തിലിട്ട് കൂട്ടബലാത്സംഗം ചെയ്യാന്‍

Actress attack case charge sheet out
Author
First Published Nov 22, 2017, 8:34 PM IST

കൊച്ചി: കാവ്യാ മാധവനുമായുണ്ടായിരുന്ന അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തതെന്ന് കുറ്റപത്രം. നഗ്നദൃശ്യങ്ങൾ വഴി നടിയുടെ വിവാഹജീവിതം തകർക്കുകയായിരുന്നു ദിലീപിന്‍റെ ലക്ഷ്യമെന്നും  അനുബന്ധകുറ്റപത്രത്തിലുണ്ട്. ഇന്നു വൈകുന്നേരം അങ്കമാലി കോടതിയിൽ സമർ‍പ്പിച്ച  അന്തിമ റിപ്പോർട്ടിന്‍റെ  പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കാവ്യാ മാധവനുമായുണ്ടായിരുന്ന അടുപ്പം അക്രമിക്കപ്പെട്ട നടി പറഞ്ഞുനടന്നിരുന്നു. ബന്ധത്തിന്‍റെ ചില തെളിവുകൾ ആദ്യഭാര്യയായിരുന്ന മ‌ഞ്ജുവാര്യർക്കും കൈമാറി. ഇതിന്‍റെ പേരിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയും പരസ്പരം വഴക്കടിച്ചിട്ടുണ്ട്. നടിയെ മലയാളസിനിമയിൽ നിന്ന് ഒഴിവാക്കാനും ദിലീപ് ശ്രമിച്ചു. ഈ വൈരാഗ്യത്തിലാണ് വിവാഹനിശ്ചയം കഴിഞ്ഞ നടിയുടെ ഭാവി ദാമ്പത്യ ജീവിതം തകർക്കുകയെന്ന ലക്ഷ്യത്തോടെ  ദീലിപ് ഗൂഢാലോചന  നടത്തി കൃത്യം നടപ്പാക്കിയതെന്നാണ് കണ്ടെത്തൽ.

ഒന്നരക്കോടി രൂപയായിരുന്നു ഒന്നാം പ്രതി സുനിൽകുമാറുമായി പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുക. ഒരുലക്ഷത്തിപതിനായിരം രൂപ രണ്ട് തവണയായി തൃശൂരിൽവെച്ച് കൈമാറി. നടിയുടെ വിവാഹമോതിരം കാണുംവിധം ദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു  നിർദേശം നല്‍കിയത്. മുഖവും കഴുത്തുഭാഗവും പ്രത്യേകം കാണണെമെന്നും ദിലീപ്  പറഞ്ഞിരുന്നു. ഇതനുസരിച്ച് ഗോവയിൽ വെച്ച് കൃത്യം നടത്താൻ ഒന്നാം പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രത്യേകം ക്രമീകരിച്ച ടെന്പോ ട്രാവലറിനുളളിൽ കൊച്ചിയിൽവെച്ച്  കൂട്ടബലാൽസംഗത്തിനായിരുന്നു തീരുമാനം. ഇതിനായി വാഹനത്തിന്‍റെ ഡ്രൈവർ ക്യാബിനിൽ നിന്ന് അകത്തേക്ക് കടക്കാൻ സംവിധാനവും ഉണ്ടാക്കിയിരുന്നു. എന്നാൽ തിരക്കുപിടിച്ച ദേശീയ പാതയിലൂടെ വരുംവഴി ടെന്പോ ട്രാവലറിലേക്ക് മാറാൻ കഴിയാതിരുന്ന പ്രതികൾ കാറിനുളളിൽവെച്ചാണ് നടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

കൃത്യത്തിനുമുമ്പ് തൊടുപുഴയിലും തോപ്പുപടിയിലും തൃശൂരിലും വെച്ചാണ് ഗൂഡാലോചന നടന്നത്. കീഴടങ്ങും മുമ്പ് കാവ്യാ മാധവന്‍റെ വീട്ടിലും ബിസിനസ് സ്ഥാപനമായ ലക്ഷ്യയിലും പ്രതികളായ സുനിൽകുമാറും വിജേഷും പോയിരുന്നു. ദിലീപിനെ കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കൃത്യത്തിനുപയോഗിച്ച മൊബൈൽഫോണും മെമ്മറി കാർഡും അഭിഭാഷകനായ പ്രദീഷ് ചാക്കോയ്ക്ക് പ്രതികൾ കൈമാറിയെന്നും ഇത്  പിന്നീട് മറ്റൊരഭിഭാഷകനായ രാജു ജോസഫിന്‍റെ പക്കൽ എത്തിയെന്നും റിപ്പോർട്ടിലുണ്ട്.

ദിലീപിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു അഭിഭാഷകരും നാലരമാസത്തോളം ഈ തെളിവുകൾ മറച്ചുവെച്ചത്. ജയിലില്‍ കിടക്കുമ്പോഴും പ്രതികൾ ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തിൽ കാവ്യാ മാധവന്‍റെ സഹോദരഭാര്യയെപ്പോലും സമീപിച്ചിരുന്നു. എന്നാൽ ഇവർ ഇത് രഹസ്യമാക്കിവെച്ചു. ആദ്യകുറ്റപത്രത്തിൽ തന്‍റെ പേരില്ലെന്ന് ബോധ്യപ്പെട്ടശേഷമാണ് ദിലീപ് പ്രതികൾക്കെതിരെ ബ്ലാക്ക് മെയിലിങ് പരാതി നൽകിയതെന്നും ഇത് മനപൂ‍ര്‍വമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.

മഞ്ജു വാര്യരെ പതിനൊന്നാം സാക്ഷിയും നടൻ സിദ്ധിഖിനെ പതിമൂന്നാം സാക്ഷിയും കാവ്യമാധവനെ മുപ്പത്തിനാലാം സാക്ഷിയുമാക്കിയാണ് കുറ്റപത്രം നൽകിയിരുന്നത്. ഇതിന്‍റെ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തദിവസം നടത്തും.

കേസിൽ ആകെ 12 പ്രതികളാണുള്ളത്. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കി.  ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍.  ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിർ‍ത്തിയിട്ടുണ്ട്. കൃത്യം നടത്തിയവരും ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്.

ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി  അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. 650 അധികം പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു. ആകെ 400 രേഖകളാണ് കുറ്റപത്രത്തിലുള്ളത്. 355 സാക്ഷികളുമുണ്ട്. സിനിമാ മേഖലയില്‍ നിന്ന് അമ്പതിലധികം ആളുകളെ സാക്ഷികളാക്കിയിട്ടുണ്ട്. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.  കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ കേസിന്‍റെ വിചാരണാ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക.

 

 

Follow Us:
Download App:
  • android
  • ios