Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കും, നടിക്ക് അനുകൂല തീരുമാനവുമായി ഹൈക്കോടതി

വ്യാഴാഴ്ച വീണ്ടും കേസ്  പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

actress attack case court to consider plea demanding women judge for hearing
Author
Kochi, First Published Jan 24, 2019, 5:09 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിമാരുടെ ഒഴിവുകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. എറണാകുളം, തൃശൂർ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കാൻ രജിസ്ട്രാറോട്ഹൈക്കോടതി ആവശ്യപ്പെട്ടു.സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാനുള്ള സംസ്ഥാനത്തെ കോടതികളുടെ സൗകര്യങ്ങൾ അതീവ ദയനീയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടി. പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീം കോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് കോടതി എറണാകുളം, തൃശൂർ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ വനിതാ ന്യായാധിപരുടെ പട്ടിക സമർപ്പിക്കണം. അതേസമയം സ്ത്രീകളും ഇരകളാകുന്ന കേസുകൾ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതു മൂലം പലപ്പോഴും നിർഭയമായി മൊഴി നൽകുവാൻ കഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്ന വർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios