news
By Web Desk | 06:36 PM February 25, 2018
ശ്രീദേവിയുടെ  മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും

Highlights

  • പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 

ദുബായില്‍ വച്ച് മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഇന്ന് രാത്രി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പുലര്‍ച്ചയോടെ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൂ. ശ്രീദേവിയുടെ സംസ്കാരം ജുഹുവിലായിരിക്കും  നടക്കുക. 

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണാണോ, അതോ കുഴഞ്ഞു വീണതിനെതുടര്‍ന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണ് പരിശോധിക്കുന്നത്.

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്ന സാഹര്യത്തില്‍ മരണകാരണം എന്തെന്ന് വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററിലേക്ക് കൊണ്ടുപോകും. രാത്രി ഏറെ വൈകിയേ മൃതദേഹം മുബൈയിലേക്ക് കൊണ്ടുപോകാന്‍ കഴിയുള്ളു. മൃതഹം കൊണ്ടുപോകാനായി വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യവിമാനം ദുബായിലെത്തിയിട്ടുണ്ട്. ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്.

നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം . കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ.ആർ. റഹ്മാൻ പ്രതികരിച്ചു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി  ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു.

നേരത്തെ റാസൽഖൈമയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും ദുബായിലേക്കു വരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ സിനിമയുടെ തിരക്കിലായതിനാൽ മകൾ ജാൻവിക്ക് കുടുംബത്തിനൊപ്പം എത്താനായിരുന്നില്ല.

ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചു വാർത്ത പുറത്തുവിട്ടത്.  ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റാണു നേതൃത്വം നൽകുന്നത്. നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും.  

Show Full Article


Recommended


bottom right ad