Asianet News MalayalamAsianet News Malayalam

ഗവ പ്ലീഡര്‍ യുവതിയെ അപമാനിച്ച സംഭവം: അഭിഭാഷകരും പൊലീസും തമ്മില്‍ പോര് മുറുകുന്നു

Advocates against police in Cochi incident
Author
First Published Jul 18, 2016, 6:12 PM IST

കൊച്ചി: ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍ യുവതിയെ നടുറോഡില്‍ അപമാനിച്ചെന്ന കേസില്‍ അഭിഭാഷക സമൂഹവും പൊലീസും പരസ്യമായ ഏറ്റമുട്ടിലിലേക്ക്.പരാതിയില്‍ കേസെടുത്തിന് പോലീസിന്‍റെ വിശദീകരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധിനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഇതിനിടെ അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ കൊച്ചിയില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് അഭിഭാഷകര്‍ പ്രകടനം നടത്തും.

രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. നടുറോഡില്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നാണ് ഗവണ്‍മെന്‍റ്  പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാന് എതിരെയുള്ള പരാതി. കൊച്ചി കോൺവെന്റ് ജംഗ്ഷനിലയിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ എതിരെ വന്ന ധനേഷ് മാത്യൂ മാഞ്ഞൂരാൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ബഹളം വച്ചതിനെ തുടർന്ന് സ്ഥലത്ത് നിന്ന് ഇയാൾ ഓടി. എന്നാൽ ബഹളം കേട്ടെത്തിയ നാട്ടുകാർ ധനേഷിനെ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ധനേഷിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.


സംഭവം അഭിഭാഷകരും പോലീസും തമ്മിലുള്ള തുറന്ന പോരിലേക്ക് കടക്കുന്നതിനിടെയാണ് പോലീസ് മേധാവിയുടെ വിശദീകരണം. അഭിഭാഷകനെതിരായ പരാതിയില്‍ കഴമ്പുണ്ട്. സംഭവത്തിന് ശേഷം പരാതിക്കാരിയായ സ്ത്രീയെ സ്വാധിനിക്കാന്‍ ശ്രമം നടന്നു. പ്രതിയുടെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പ്രതി തെറ്റ് ചെയ്തെന്ന് എഴുതി നല്‍കി കോടതിയില്‍ പ്രതിയെ അറിയില്ലെന്ന് പറയിപ്പിക്കാന്‍ സമ്മതിപ്പിച്ചു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇംഗ്ളീഷില്‍ പരാതി എഴുതി പ്രതിയുടെ അഭിഭാഷകന്‍ ഒപ്പിട്ടു വാങ്ങി. ഇത് കോടതിയില്‍ കാട്ടിയാണ് ജാമ്യം നേടിയതെന്നും പോലീസ് പറയുന്നു.

പരാതിക്കാരി ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ കേസെടുത്തത്. പ്രതിയുടെ അച്ഛന്‍ മകന്‍ ചെയ്ത കുറ്റം സമ്മതിച്ച് കൊണ്ട് രണ്ട് സാക്ഷികളുടെ സാനിധ്യത്തില്‍ ഐപിസി പ്രകാരം സമ്മതിച്ച് ഒപ്പിട്ട് നല്‍തിയിട്ടുണ്ട്. ഒപ്പം 164 പ്രകാരം നല്‍കിയ മൊഴിയിലും പരാതിക്കാരി നടന്ന സംഭവം വിശദീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതേസമയം ഹൈക്കോടതിയിലെ അഭിഭാഷക സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് കത്ത് നല്‍കി.ഇതൊടൊപ്പം പൊലീസിനെതിരെ പരസ്യമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. ഇതിന്‍റെ ഭാഗായിട്ടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് അഭിഭാഷകര്‍ പ്രകടനം നടത്തുന്നത്.

 

Follow Us:
Download App:
  • android
  • ios