Asianet News MalayalamAsianet News Malayalam

പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ കേന്ദ്രം; ശൈശവ വിവാഹ നിരോധന നിയമത്തിലും മാറ്റം

നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

Age of marriage for men could be reduced to 18
Author
New Delhi, First Published Nov 1, 2019, 10:45 AM IST

ദില്ലി: പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. സ്ത്രീകളുടെ വിവാഹ പ്രായം 18 ആണെന്നത് പരിഗണിച്ചാണ് പുരുഷന്മാരുടെ വിവാഹ പ്രായവും കുറക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത് മാറ്റ് ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും. 

നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന 2017ലെ സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതിക്ക് ആലോചിക്കുന്നത്.

ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമവിധേയമാകുമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കുമെന്ന വിധിയുടെ വൈരുധ്യം ഒഴിവാക്കാനാണ് മൂന്നാം വകുപ്പ് എടുത്ത് കളയുന്നത്. ശൈശവ വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് ഭര്‍ത്താവും വീട്ടുകാരും ജീവനാംശവും താമസവും നല്‍കണമെന്ന രീതിയിലും മാറ്റം വരുത്തും. പകരം നഷ്ടപരിഹാരം നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.

നിലവിലെ നിയമപ്രകാരം ശൈശവ വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് നിയമവിധേയമായ വിവാഹം കഴിയുന്നത് വരെ ചെലവും താമസവും നല്‍കാന്‍ വരനോടും വീട്ടുകാരോടും കോടതിയോട് ആവശ്യപ്പെടാം.   

Follow Us:
Download App:
  • android
  • ios