Asianet News MalayalamAsianet News Malayalam

കേരള ശ്രീ ബ്രാന്‍ഡ്; അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുമായി കൃഷി വകുപ്പ്

agricultural super market have open by the sate government
Author
First Published Dec 11, 2017, 6:03 PM IST

തൃശൂര്‍: കൃഷിവകുപ്പിന്റെ കീഴിലെ ഫാമുകളില്‍ നിന്നുള്ള വിത്തുകള്‍, വിഎഫ്പിസികെയുടെ വിത്തുകള്‍, കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വിത്തുകള്‍, കൃഷിവിജ്ഞാന്‍ കേന്ദ്ര ഉത്പാദിപ്പിക്കുന്ന വിത്തുകള്‍, തമിഴ്‌നാട് സര്‍വകലാശാല അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെയും കര്‍ണാടക സര്‍വകലാശാലയിലെയും നടീല്‍ വസ്തുക്കളെല്ലാം ലഭ്യമാകുന്ന അഗ്രൊ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. കേരള ശ്രീ ബ്രാന്‍ഡ് പേരില്‍, മൂന്നിടങ്ങളില്‍ തുടങ്ങുന്ന അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റ് കേരളത്തില്‍ ആദ്യത്തേതാണ്. തൃശൂര്‍ ചെമ്പൂക്കാവിലും തിരുവനന്തപുരം ആനയറയിലും വേങ്ങേരി മാര്‍ക്കറ്റിലുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍  ആരംഭിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സാധന സാമഗ്രികളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. 

വിത്ത് മുതലുള്ള സാധന സാമഗ്രികളെല്ലാം കൃഷിക്കാര്‍ക്ക് ഇവിടെ ലഭ്യമാകും. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഇവിടെ ഉറപ്പുവരുത്തും. അതിന് പുറമെ കാര്‍ഷിക ഉപകരണങ്ങള്‍ തൂമ്പ മുതല്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍വരെ വില്‍പ്പനയ്ക്കുണ്ടാവും. ഏതെങ്കിലും തരത്തിലുള്ള കാര്‍ഷിക ആവശ്യത്തിനുള്ള ഉത്പന്നങ്ങളോ ഉപകരണങ്ങളോ ഇവിടെ ലഭ്യമല്ലെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്താല്‍ ഉടനെ അത് ലഭ്യമാക്കാന്‍ ആവശ്യമായ സൗകര്യവും കാര്‍ഷിക വകുപ്പ് ഒരുക്കും.

കൃഷിവകുപ്പിന്റെ കീഴില്‍ വരുന്ന കേരള അഗ്രി ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, കാംകോ, കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി, കൃഷി വിജ്ഞാന്‍ കേന്ദ്രം, വെറ്ററിനറി സയന്‍സ്, നെല്ലിയാമ്പതി ഫാം, ഹോള്‍ട്ടികോര്‍പ്പിന്റെ ഉത്പന്നങ്ങള്‍, വിഎഫ്പിസികെയുടെ നടീല്‍ വസ്തുക്കള്‍, ഗുണമേന്മയുള്ള വിത്തുകള്‍, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്റെ എല്ലാ വിത്തുകളും, മില്‍മയുടെ ഉത്പന്നങ്ങള്‍, മത്സ്യഫെഡിന്റെ ഉത്പന്നങ്ങള്‍, ഔഷധിയുടെ വ്യത്യസ്തമായ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, പ്ലാന്റേഷന്റെ ഉത്പന്നങ്ങള്‍, വയനാടന്‍ ഓര്‍ഗാനിക് ഉത്പന്നങ്ങള്‍, വനശ്രീ ഉത്പന്നങ്ങള്‍, കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍, ഓയ്ല്‍ ഫാം ഇന്ത്യയുടെ ഉത്പന്നങ്ങള്‍, കേരള മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ ഉത്പന്നങ്ങള്‍, വ്യത്യസ്തമായിട്ടുള്ള വളങ്ങളും ജൈവ കീടനാശിനികള്‍, മറ്റു സംസ്ഥാനങ്ങളില്‍ ലക്ഷദ്വീപിന്റെ ഡെവലപ്‌മെന്റെ കോര്‍പ്പറേഷന്റെ ഉത്പന്നം, ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റിന്റെ ഹോള്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാകും.

കുങ്കുമപ്പൂവ് തുടങ്ങി കശ്മീര്‍ ഗവണ്‍മെന്റിന്റെ ഉത്പന്നങ്ങള്‍ എന്നിവ ഇവിടേക്ക് കൊണ്ടു വരും. തമിഴ്‌നാടിന്റെ വിവിധ നടീല്‍വസ്തുക്കള്‍ ഇവിടെ ലഭിക്കും. ടിഷ്യുകള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്പാദിപ്പിക്കുന്ന വാഴത്തൈകള്‍, സംസ്ഥാന ഗവണ്‍മെന്റിന്റെ പുറത്തിറക്കുന്ന ഹെല്‍ത്ത് ഡ്രിങ്ക് ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. സംസ്ഥാന ഗവണ്‍മെന്റിന്റെയും പൊതുമേഖല സ്ഥാപനങ്ങള്‍ ഇറക്കുന്ന നൂറ് ശതമാനം ഓര്‍ഗാനിക് ആയിട്ടുള്ള ഉത്പന്നങ്ങളും ഇറക്കുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാല, ഫാമുകള്‍ ഉത്പാദിപ്പിക്കുന്ന നടീല്‍ വസ്തുക്കള്‍ ഗുണമേന്മയുള്ളതായിരിക്കും. ആദ്യമായിട്ടാണ് കൃഷിവകുപ്പിന്റെ കാര്‍ഷിക ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ആദ്യഘട്ടം മൂന്ന് ജില്ലയില്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് ഏറ്റവും നല്ല നടീല്‍ വസ്തുക്കളും ഗുണമേന്മയുള്ള ഉത്പന്നങ്ങളും നല്‍കും. മൂല്യവര്‍ധിത ഉത്പാദനമേഖലയിലേക്ക് ഗവണ്‍മെന്റ് ശക്തമായ ഊന്നല്‍ നല്‍കുകയാണ്. 

അഗ്രൗ ഇന്‍ഡസ്ട്രീസ് കോര്‍പ്പറഷനാണ് നടത്തിപ്പിന്റെ ചുമതല. സ്വകാര്യ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ ഒഴിവാക്കി. സര്‍ക്കാര്‍ ഉത്പന്നങ്ങളായി ലഭ്യമാകാത്ത സാധനങ്ങള്‍ മാത്രമേ സഹകരണ സ്ഥാപനങ്ങള്‍ വഴിയോ അക്രഡിറ്റായ സ്ഥാപനങ്ങള്‍ വഴിയോ ലഭ്യമാക്കും. പൂര്‍ണമായിട്ടും സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്. സഹകരണ വകുപ്പിന്റെ കാര്‍ഷിക മേഖലയിലെ സംരംഭകരായി വരുന്നവരുടെ മാര്‍ക്കറ്റിങ്ങ് വിഷയമായി നില്‍ക്കുമ്പോള്‍ ഇത് പരിഹാരമാകും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ തുടങ്ങുന്നത്. റെഗുലര്‍ സപ്ലൈ ചെയ്ന്‍ ആരംഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളിടങ്ങളില്‍ തുടങ്ങുകയുള്ളൂവെന്നും കൃഷിമന്ത്രി പറഞ്ഞു. 

തൃശൂര്‍ ചെമ്പൂക്കാവിലെ അഗ്രിക്കള്‍ച്ചര്‍ കോംപ്ലക്‌സിലെ ഒന്നും രണ്ടും നിലകളിലായി പതിനായിരം ചതുരശ്ര അടിയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 16 ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, വ്യവസായ മന്ത്രി എ.സി.മൊയ്തീന് കാര്‍ഷികോപകരണം നല്‍കി ആദ്യവില്‍പ്പന നടത്തും. 

Follow Us:
Download App:
  • android
  • ios