Asianet News MalayalamAsianet News Malayalam

അഗസ്റ്റ വെസ്റ്റലൻഡ് അഴിമതിക്കേസ്: എസ് പി ത്യാഗിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു

Agusta Westland scam
Author
New Delhi, First Published Dec 17, 2016, 12:34 PM IST

അഗസ്റ്റ വെസ്റ്റ്‍ലൻഡ് ഹെലികോപ്റ്റർ അഴിമതിയിൽ അറസ്റ്റിലായ മുൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ എസ്പി ത്യാഗിയെ കോടതി ഈ മാസം 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ത്യാഗിയെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു പ്രതിരോധ മേധാവി ജയിലിലാകുന്നത്.

അഗസ്റ്റ വെസ്റ്റ്‍ലൻഡ് ഹെലികോപ്റ്റർ ഇടപാടിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ ഒമ്പതിനാണ് മുൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ എസ് പി ത്യാഗിയെ അറസ്റ്റു ചെയ്തത്. ആദ്യം നാലുദിവസത്തേക്ക് ത്യാഗിയെ സിബിഐ കസ്റ്റഡിയിൽ വിട്ട കോടതി പിന്നീടിത് മൂന്നു ദിവസം കൂടി നീട്ടിയിരുന്നു. ഇന്ന് എസ്പി ത്യാഗിയേയും ബന്ധു സഞ്ജീവ് ത്യാഗിയേയും അഭിഭാഷകൻ ഗൗതം ഖൈതാനെയും വീണ്ടും ഹാജരാക്കിയപ്പോൾ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടില്ല. വിദേശത്തു നിന്ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിൽ ത്യാഗിയെ ചോദ്യം ചെയ്യുന്നത് സിബിഐ പൂർത്തിയാക്കിയിരുന്നു. മൂന്നു പേരെയും ഈ മാസം മുപ്പത് വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. എസ് പി ത്യാഗി ജാമ്യപേക്ഷ നല്കിയെങ്കിലും കോടതി ഇന്ന് പരിഗണിച്ചില്ല. ഇത് ബുധനാഴ്ച കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് മുൻ വ്യോമസേന മേധാവിയെ തീഹാർ ജയിലിലേക്ക് മാറ്റി. പ്രതിരോധ സേനാ തലപ്പത്തിരുന്ന ഒരാൾ ജയിലിൽ പോകുന്നത് ഇതാദ്യമായാണ്. ഇതിനിടെ ഇന്ത്യയിൽ കൈക്കുലി നല്‍കിയതിന് ഹെലികോപ്റ്റർ ഉടമകളായ ഫിൻമെക്കാനിക്കയുടെ മേധാവി ഗസിപോ ഒർസിക്ക് മിലാനിലെ അപ്പീൽ കോടതി നല്‍കിയ നാലര വർഷത്തെ ശിക്ഷ ഇറ്റാലിയൻ സുപ്രീംകോടതി മരവിപ്പിച്ചു. കേസിൽ പുനർവിചാരണ നടത്താൻ മിലാൻ കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നല്കി. പ്രമുഖ കുടുംബം കൈക്കൂലി വാങ്ങിയെന്ന ക്രിസ്ത്യൻ മിഷേലിന്റെ ഡയറിക്കുറിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ കേസിലെ അന്വേഷണം ഇനി എങ്ങോട്ടു തിരിയും എന്നറിയാൻ രാഷ്ട്രീയ ഇന്ത്യ കാത്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios