Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിക്ക് തിരിച്ചടി; ലേക്പാലസ് റിസോര്‍ട്ടിന് കനത്ത പിഴചുമത്തി ആലപ്പുഴ നഗരസഭ

തോമസ്ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ ചുമത്തി ആലപ്പുഴ നഗരസഭ. ഏഷ്യാനെറ്റ് ന്യൂസാണ് തോമസ്ചാണ്ടിയുടെ നിയമലംഘനം പുറത്തുകൊണ്ടുവന്നത്.

alappuzha muncipality imposes heavy penalty on thomas chandy's lake palace
Author
Alappuzha, First Published Feb 19, 2019, 1:47 PM IST

ആലപ്പുഴ: തോമസ്ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ കനത്ത പിഴ ചുമത്തി. 2.73 കോടി രൂപ പിഴയടച്ചില്ലെങ്കിൽ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നഗരസഭയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ടും സമ്മതിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് തോമസ്ചാണ്ടിയുടെ നിയമലംഘനം പുറത്തുകൊണ്ടുവന്നത്.

15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിർമ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സിൽ അംഗീകാരം നൽകി.

പിഴ അടക്കുന്നതിനൊപ്പം നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളും റിസോര്‍ട്ട് കമ്പനി ഹാജരാക്കണം. നിയമ ലംഘനം പുറത്ത് കൊണ്ട് വന്ന ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ നഗരസഭയില്‍ നിന്ന് നഷ്ടപ്പെട്ടതായി അറിയിച്ചത് ഈ രേഖകളാണ്. ഇന്ന് തന്നെ പണമടക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ നോട്ടീസയക്കും.

Follow Us:
Download App:
  • android
  • ios