Asianet News MalayalamAsianet News Malayalam

സമാധാനചർച്ചയ്ക്ക് മുൻകൈയെടുത്ത് സർക്കാർ; നാളെ കാസർകോട്ട് സർവകക്ഷി സമാധാന യോഗം

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. 

all party peace meet tomorrow in kasargod
Author
Kasaragod, First Published Feb 25, 2019, 3:11 PM IST

കാസർകോട്: ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ കാസർകോട്ടെ ക്രമസമാധാനപ്രശ്നങ്ങളിൽ സമവായ ചർച്ച നടത്താൻ നാളെ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗമാണ് നാളെ നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന കാസർകോട് ഇരട്ടക്കൊലപാതകത്തെച്ചൊല്ലി സംസ്ഥാനസർക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർവകക്ഷിസമാധാന യോഗം വിളിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത്.

യോഗത്തിൽ സിപിഎം പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡിസിസി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഡിസിസി വ്യക്തമാക്കുന്നത്. 

ഇതിന് മുമ്പ് ഷുഹൈബ് വധത്തെത്തുടർന്നാണ് കണ്ണൂരിൽ ഒരു സമാധാനയോഗം നടന്നത്. അന്ന് സിപിഎമ്മും കോൺഗ്രസും തമ്മിൽ വലിയ തർക്കവും വാക്കേറ്റവുമുണ്ടായി. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും.

കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പെരിയ മേഖലയിൽ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. പെരിയയിലും കല്യോട്ടും സിപിഎം അനുഭാവികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യപ്രതി പീതാംബരനുൾപ്പടെ പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും തീ വച്ച് നശിപ്പിക്കപ്പെട്ടു. പലയിടത്തും ഇപ്പോഴും സിപിഎം - കോൺഗ്രസ് സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്.

കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യമറിയിച്ചിരുന്നെങ്കിലും ക്രമസമാധാനപ്രശ്നങ്ങൾ കണക്കിലെടുത്ത് സന്ദർശനം റദ്ദാക്കിയിരുന്നു. റവന്യൂമന്ത്രിയും കാസർകോട് സ്വദേശിയുമായ ഇ ചന്ദ്രശേഖരൻ കുടുംബങ്ങളെ കാണാനെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ മോശം പരാമർശങ്ങൾ നടത്തി തിരിച്ചയച്ചെന്ന് ആരോപണമുയർന്നു. സിപിഎം നേതാക്കൾ മേഖല സന്ദർശിക്കാനെത്തിയപ്പോൾ സ്ത്രീകളുൾപ്പടെയുള്ളവരെത്തി വലിയ രീതിയിൽ രോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ വിപിപി മുസ്തഫയുൾപ്പടെയുള്ള സിപിഎം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങളും വാക്പോരും വലിയ രീതിയിൽ പ്രകോപനവുമുണ്ടാക്കി. കോൺഗ്രസ് ഇപ്പോഴും അമർ‍ഷത്തിലാണ്. കേസിലെ പ്രധാനപ്രതികളെ പിടിച്ചില്ല, ഗൂഢാലോചനയിലേക്ക് അന്വേഷണം നീളുന്നില്ല, സിബിഐ അന്വേഷണമില്ലാതെ സത്യം പുറത്തു വരില്ല എന്നീ ആരോപണങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. 

കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ നാളെ സത്യഗ്രഹസമരം തുടങ്ങാനിരിക്കുകയുമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എസ്‍പി ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

നേരത്തെ അക്രമങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങളെ അപലപിക്കുന്നുവെന്ന് യെച്ചൂരിയും വ്യക്തമാക്കി. 

ഇരട്ടക്കൊലപാതകത്തിന്‍റെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനിരിക്കുകയാണ്. എന്നാൽ കുടുംബാംഗങ്ങൾ ഇക്കാര്യത്തിൽ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബാംഗങ്ങൾ പരാതി നൽകും. അനുകൂലതീരുമാനമുണ്ടായിട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും കുടുംബം തേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios