Asianet News MalayalamAsianet News Malayalam

കശ്‍മീരില്‍ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയിട്ടില്ലെന്ന് സൈന്യം

army responds on news about mutilation of dead bodies
Author
First Published Dec 24, 2017, 2:14 PM IST

ശ്രീനഗര്‍: ജമ്മു-കശ്‍മീര്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ സേന വികൃതമാക്കിയെന്ന വാര്‍ത്ത  സൈന്യം നിഷേധിച്ചു .ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു സൈനികര്‍ ചികിത്സയില്‍ തുടരുകയാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ലെന്ന് കരസേന പ്രതികരിച്ചു. 

പാകിസ്ഥാന്‍ സേനയുടെ ശക്തമായ വെടിവയ്പ്പിലും മോര്‍ട്ടാര്‍ പ്രയോഗത്തിലുമാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടായതെന്നാണ് കരസേനയുടെ ഔദ്യോഗിക വിശദീകരണം. പാക് സൈനികര്‍ മൃതദേഹങ്ങള്‍ വികൃതമാക്കിയെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൈന്യം വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ജമ്മു-കശ്‍മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം കെറി സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ‌ര്‍ ലംഘിച്ചത്. പ്രകോപനങ്ങളൊന്നുമില്ലാതെ നടത്തിയ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 120 ഇന്‍ഫെന്ററി ബറ്റാലിയനിലെ മേജര്‍ അമ്പാദാസ്, സൈനികരായ ഗുര്‍മെയില്‍ സിങ്, പ്രഗത് സിങ്, കുല്‍ദീപ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. 

മഹാരാഷ്‌ട്രാ സ്വദേശിയായ മേജര്‍ അംബാദാസ് പുതുവര്‍ഷത്തില്‍ മാതാപിതാക്കളെ സന്ദ‌ര്‍ശിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്.ഗു‍ര്‍മെയില്‍ സിങ് അമൃത്സര്‍ സ്വദേശിയും പ്രഗത് സിങും കുല്‍ദീപ് സിങും ഹരിയാന സ്വദേശികളുമാണ്. പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് കൊല്ലപ്പെട്ട സൈനികന്‍ പ്രഗത് സിങിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു സൈനികര്‍ ചികിത്സയിലാണ്. ബാറ്റ് എന്നറിയപ്പെടുന്ന പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും സൈനികരുടെ  ജീവത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ലെന്നും സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios