Asianet News MalayalamAsianet News Malayalam

തമിഴ് റോക്കേഴ്സ് നേടിയത് ലക്ഷങ്ങള്‍; കുടുക്കിയതും ഈ ലക്ഷങ്ങള്‍ തന്നെ

  • തമിഴ് റോക്കേഴ്സ് നേടിയത് ലക്ഷങ്ങള്‍; കുടുക്കിയതും ഈ ലക്ഷങ്ങള്‍ തന്നെ
arrested tamil rockers admin They earned crores in short period

ചെന്നൈ: പുതിയ സിനിമകളുടെ  വ്യാജ പകർപ്പുകൾ  ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്‍റെ അഡ്മിനേയും കൂട്ടാളികളെയും കഴിഞ്ഞ ദിവസമാണ് പിടികൂടിയത്‍. അഡ്മിന്‍ കാർത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോൺസൺ, ജഗൻ  എന്നിവരും ആന്‍റി പൈറസി സെല്ലിന്‍റെ പിടിയിലായിരുന്നു. അതേസമയം തന്നെ ഡിവിഡി റോകേഴ്സ് ടീമും അറസ്റ്റിലായിട്ടുണ്ട്. ഡിവിഡി റോക്കേഴ്സെന്ന വെബ്സൈറ്റ് നടത്തിയിരുന്ന ജോണ്‍സണ്‍, മരിയ ജോണ്‍ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. 

മലയാളമടക്കമുള്ള സിനിമകളുടെ റിലീസ് ദിനം തന്നെ കോപ്പികള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തായിരുന്നു ഇവരുടെ ബിസിനസ്. തമിഴ് സിനിമാ ലോകത്തും ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്സ്. ലക്ഷക്കണക്കിന് രൂപയാണ് ഇന്‍റർനെറ്റിലെ സിനിമകള്‍ വഴി പ്രതികള്‍ സമ്പാദിച്ചത്. തമിഴ് റോക്കേഴ്സിന്‍റെ ബുദ്ധികേന്ദ്രം കാര്‍ത്തിയാണ്. നിരവധി ഡൊമെയ്നുകള്‍ സംഘടിപ്പിച്ചായിരുന്നു ഇവരുടെ പ്രവ‍ര്‍ത്തനം. റോക്കേഴ്സിന്‍റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്‍ നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യും.

ചുരുങ്ങിയ കാലയളവില്‍ ലക്ഷക്കണക്കിന് രൂപയാണ് തമിഴ്റോക്കേഴ്സിന്‍റെ വരുമാനം. പുതിയ ചിത്രങ്ങളുടെ കോപ്പി സൈറ്റില്‍ അപ് ലോഡ് ചെയ്ത ശേഷം ആളുകള്‍ സൈറ്റ് സന്ദര്‍ശിക്കുന്നതിനനുസരിച്ച് ഇവര്‍ക്ക് വരുമാനമെത്തും. വിവിധ പരസ്യ ഏജന്‍സികള്‍ വഴി സൈറ്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചാണ് വരുമാനമാര്‍ഗം കണ്ടെത്തുന്നത്. ഏജന്‍സികള്‍ മുഖേന പണം ഇവരുടെ അക്കൗണ്ടുകളിലേക്കെത്തും.

ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.  ഡിവിഡി റോക്കേഴ്സ് ഉടമ  2015 മുതല്‍ 16 വരെ മാത്രം അമ്പത് ലക്ഷം രൂപയാണ് നേടിയത്. ടിഎന്‍ റോക്കേഴ്സ 75 ലക്ഷം രൂപയും ഈ കാലയളവില്‍ വരുമാനമുണ്ടാക്കിയിട്ടുണ്ട്. മാസം ഏകദേശം രണ്ട് മുതല്‍ നാല് ലക്ഷം വരെ വരുമാനമുണ്ടാകും.

എന്നാല്‍ അതിബുദ്ധിമാന്‍മാരായ ഇവര്‍ പിടിയിലായത് ഒരു വിഡ്ഡിത്തം ചെയ്തതിന്‍റെ ഫലമായാണ്. സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളുടെ വരുമാനം തന്നെയാണ് അവരെ പിടികൂടാന്‍ സഹായകമായതും. സൈറ്റിലുള്ള പരസ്യങ്ങള്‍ തേടിപ്പോയപ്പോഴാണ് പരസ്യത്തിന്‍റെ വരുമാനം പോകുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയത്. അവരവരുടെ പേരില്‍ തന്നെയുള്ള അക്കൗണ്ടുകളിലേക്കാണ് വരുമാനമെത്തിയിരുന്നത്.  ഒരുപക്ഷെ വിദേശത്തുള്ള ഏതെങ്കിലും അക്കൗണ്ടുകളിലാണ് ഇടപാട് നടന്നിരുന്നതെങ്കില്‍ ഇവരെ പിടികൂടാന്‍ പൊലീസ് ബുദ്ധിമുട്ടിയേനെ.

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ പൃഥ്വിരാജിന്‍റെ വിമാനം അടക്കമുള്ള ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സ് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്‍റെ അണിയറക്കാര്‍ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. പുലിമരുകൻ, രാമലീല എന്നീ സിനിമകളുടെ വ്യാജൻമാരെ പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ അന്വേഷണം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios