Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

ലേക് പാലസ് റിസോർട്ടിൽ നടത്തിയിരിക്കുന്നത് ഗുരുതര ചട്ടലംഘനമാണെന്ന് നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റിസോർട്ടിലെ കെട്ടിടങ്ങൾ അനധികൃതമാണെന്ന വാർത്ത പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

asianet news big impact lake palace buildings should be demolished
Author
Lake Palace Resort, First Published Nov 13, 2018, 1:36 PM IST
ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്ന് ഉത്തരവിലുണ്ട്.
 
കഴി‍ഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന് തുടങ്ങിയത്. ലേക് പാലസ് റിസോര്‍ട്ടില്‍ നടന്ന അനധികൃത നിര്‍മ്മാണവും നികുതി വെട്ടിപ്പും ഏഷ്യാനെറ്റ് ന്യൂസ് അന്ന് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു. ലേക് പാലസ് റിസോര്‍ട്ടിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഫയലുകള്‍ കൂട്ടത്തോടെ കാണാതായി.  തുടർന്ന് നഗരസഭയുടെ റവന്യൂ വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരായ ചട്ടലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയത്.

 

:ഫയലുകൾ കാണാതായതിനെക്കുറിച്ച് ആഗസ്റ്റ് 30-ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂറ്റന്‍ കെട്ടിടങ്ങളുള്‍പ്പെടുന്ന പത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച കാര്യം പോലും നഗരസഭ അറിഞ്ഞില്ല. ഇത്രയും കാലമായിട്ടും ഒരു രൂപ പോലും നഗരസഭയ്ക്ക് നികുതിയും കൊടുത്തില്ല. ബാക്കിയുള്ള 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് വന്‍ തട്ടിപ്പ് നടത്തുകയും ചെയ്തു. ഇതാണ് വാര്‍ത്ത പുറത്തുവന്നതിന് ശേഷം നഗരസഭ കണ്ടുപിടിക്കുകയും നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുന്നത്.
 
പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കും. ഇനിയിപ്പോള്‍ ഒരു രേഖയുമില്ലാത്ത കെട്ടിടങ്ങള്‍ക്ക് തോമസ് ചാണ്ടി നഗരസഭയ്ക്ക് എന്ത് മറുപടി കൊടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
Follow Us:
Download App:
  • android
  • ios