Asianet News MalayalamAsianet News Malayalam

മതം മാറിയവര്‍ക്ക് പീഡനം; എറണാകുളം യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു

authorities shut down yoga counselling centre
Author
First Published Sep 25, 2017, 1:40 PM IST

കൊച്ചി: എറണാകുളം കണ്ടനാടുള്ള  യോഗാ കൗണ്‍സിലിങ്ങ് സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. മിശ്ര വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ യുവതി ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു. റാം റഹീമുമാരെ സൃഷ്‌ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങളെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചു.

എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിള്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

25 സ്‌ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നില്‍ പൊലീസ് തടഞ്ഞു. ഇതിനിടെ ക്രിസ്തുമതത്തിലേക്ക് മാറിയ തന്നെ തിരികെ ഹിന്ദു മതത്തിലെത്തിക്കാന്‍ യോഗാ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ  യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യ വീഡിയോകള്‍ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. 

ഇതിനിടെ റം റഹീമുമാരെ സൃഷ്‌ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങളെന്ന് ഹൈക്കോടതി ആരാഞ്ഞു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നിരീക്ഷണം. യുവതിയുടെ പരാതിയില്‍ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേര്‍ക്കെതിരെ ഉദയം പേരൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios