Asianet News MalayalamAsianet News Malayalam

ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുകയോ ചാടിക്കയറുകയോ അരുത്; റെയിൽവേ പൊലീസിന്റെ ഹ്രസ്വചിത്രം 'ടേക്ക് കെയർ'

ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ 'ടേക്ക് കെയർ' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് റെയിൽവേ പൊലീസ്. വിരഹം എത്ര വേ​ദനാജനകമാണെങ്കിലും പക്വമായ പ്രവർത്തികൾ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം നൽകും എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം.

awareness short film from kerala railway police for train passengers
Author
Thiruvananthapuram, First Published Jan 31, 2019, 6:11 PM IST

തിരുവനന്തപുരം: ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ഓടിക്കയറുന്ന ചിലർ റെയിൽവേ സ്റ്റേഷനുകളിലെ നിത്യകാഴ്ചയാണ്. എല്ലാ ട്രെയിനിലും ഉണ്ടാകും അങ്ങനെ ഓടിവന്ന് കയറുന്നൊൾ. അതുപോലെ ഓടുന്ന ട്രെയിനിൽ‌ നിന്ന് സ്റ്റേഷനിൽ നിർത്തുന്നതിന് മുമ്പ് ചാടിയിറങ്ങുന്നവരെയും കാണാം. ഇവരെയൊക്കെ സംബന്ധിച്ച് അമിതാത്മവിശ്വാസത്തിന്റെ പ്രകടനങ്ങളാണ് ഇതൊക്കെ. എന്നാൽ മറ്റൊന്ന് കൂടിയുണ്ട്, ഒരു നിമിഷാർദ്ധം പിഴച്ചുപോയാൽ ജീവൻ തന്നെ ഇല്ലാതാക്കുന്നതാണ് ഈ ഓടിക്കയറലും ചാടിയിറക്കവും. കേരള റെയിൽവേ പൊലീസും യാത്രക്കാർക്ക് നൽകുന്നത് ഇതേ മുന്നറിയിപ്പാണ്. 

ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ 'ടേക്ക് കെയർ' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് റെയിൽവേ പൊലീസ്. വിരഹം എത്ര വേ​ദനാജനകമാണെങ്കിലും പക്വമായ പ്രവർത്തികൾ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം നൽകും എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. ഒരു ചെറിയ വീണ്ടുവിചാരത്തിന് ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന സന്താപത്തെ ഇല്ലാതാക്കാൻ കഴിയും എന്ന് ഈ ചിത്രം കണ്ടുതീരുമ്പോൾ നമുക്ക് മനസ്സിലാകും. ഒരു മിനിറ്റും 57 സെക്കന്റും ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ കൺസപ്റ്റ് റെയിൽവേ പൊലീസ് എസ് പി മെറിൻ ജോസഫ് ഐപിഎസിന്റേതാണ്. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. 

റെയിൽവേ സ്റ്റേഷനിൽ നിന്ന് പരസ്പരം യാത്ര പറയുന്ന രണ്ട് പേർ. ട്രെയിൽ നീങ്ങിത്തുടങ്ങിയപ്പോഴാണ് കയ്യിലിരുന്ന പനിനീർപ്പൂവ് പെൺകുട്ടിയ്ക്ക് നൽകിയില്ലല്ലോ എന്നോർത്ത് അയാൾ തിരിഞ്ഞു നടക്കുന്നത്. അപ്പോഴേയ്ക്കും ട്രെയിൻ വേ​ഗത്തിൽ നീങ്ങിത്തുടങ്ങിയിരുന്നു. ഓടിച്ചെന്ന് എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന അയാളുടെ കൈയും ട്രെയിനിന്റെ വാതിലും തമ്മിൽ ഒരു നിമിഷത്തിന്റെ അകലം മാത്രം. പിന്നെക്കാണിക്കുന്നത് ഞെട്ടി നിൽക്കുന്ന പെൺകുട്ടിയെയും താഴെ ഞെരിഞ്ഞമർന്ന പനിനീർപ്പൂവിനെയുമാണ്. ഒരു സെക്കന്റ് അല്ലെങ്കിൽ മിനിറ്റിന്റെ വ്യത്യാസത്തിൽ അയാൾക്ക് നഷ്ടമായത് സ്വന്തം ജീവൻ തന്നെയായിരുന്നു. 'ഓടുന്ന ട്രെയിനിൽ ചാടിക്കയറുകയോ ചാടിയിറങ്ങുകയോ ചെയ്യരുത്' എന്ന റെയിൽവേ പൊലീസിന്റെ മുന്നറിയിപ്പോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. 

Follow Us:
Download App:
  • android
  • ios