Asianet News MalayalamAsianet News Malayalam

ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതി; സംസ്ഥാനമൊട്ടുക്ക് ദീപം തെളിയിച്ചു

മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.

ayyappa jyothi lighten by ayyappa karmma samithi
Author
Kerala, First Published Dec 26, 2018, 6:04 PM IST

തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി  പ്രതിഷേധം നടത്തി. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു. 

മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്. 

കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. ബി ജെ പിയുടെയും ശബരിമല കര്‍മ്മ സമിതി കന്യാകുമാരി ഘടകത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍ നടന്നത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപിയും കിളിമാനൂരില്‍ ടി പി സെന്‍കുമാറും ദീപം തെളിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ബി ജെ പിയുടെ സമരപന്തലില്‍ എത്തിയവരും അയ്യപ്പജ്യോതിയില്‍ പങ്കാളികളായി. മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി. 

പന്തളത്ത് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അയ്യപ്പജ്യോകതിയ്ക്ക് നേതൃത്വം നല്‍കി. പന്തളം നഗരത്തില്‍ അയ്യപ്പജ്യോതിയ്ക്ക് വലിയ പങ്കാളിത്തമാണ് ഉണ്ടായത്. പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അടുത്തിടെ ബി ജെ പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ പെരുന്നയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. 

സമുദായ അംഗങ്ങള്‍ പങ്കെടുക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സുകുമാരന്‍ നായര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല. എന്നാല്‍ മന്നം സമാധിയ്ക്ക് മുന്നിലുള്ള പെരുന്ന ജംഗ്ഷനില്‍ അയ്യപ്പ ജ്യോതി നടക്കുന്ന സമയത്തു തന്നെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍  മന്നം സമാധിയില്‍ ദീപം തെളിയിച്ചു. കോഴിക്കോട് അഞ്ച് കേന്ദ്രങ്ങളിലാണ് അയ്യപ്പജ്യോതി പ്രതിഷേധം നടന്നത്. സ്വാമി ചിതാനന്ദപുരിയാണ് കോഴിക്കോട് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോടും അയ്യപ്പജ്യോതിയ്ക്ക് നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. അങ്കമാലിയില്‍ പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രതിഷേധത്തിനെത്തി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അങ്കമാലിയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ പി ശശികല അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി. ബി ജെ പിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിയിക്കാനെത്തി.

Follow Us:
Download App:
  • android
  • ios