Asianet News MalayalamAsianet News Malayalam

രഥയാത്ര തടയുന്നവരെ രഥചക്രം കൊണ്ട് ചതച്ചരക്കുമെന്ന് ബിജെപി നേതാവ്

‘ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാൻ ശ്രമിക്കുന്നവർ രഥത്തിന്‍റെ ചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരയും'. ലോക്കറ്റ് പറഞ്ഞു. 

bengal bjp Leader says anyone stopping rath yatra will get their heads crus
Author
Kolkata, First Published Nov 11, 2018, 4:19 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ബിജെപിയുടെ രഥയാത്രയെ ആരെങ്കിലും തടഞ്ഞാൽ അവരെ രഥത്തിന്റെ ചക്രം കൊണ്ട് ചതച്ചരയ്ക്കുമെന്ന ഭീക്ഷണിയുമായി സിനിമ താരവും ബിജെപി നേതാവുമായ ലോക്കറ്റ് ചാറ്റര്‍ജി രംഗത്ത്. മാള്‍ഡയില്‍ സംഘടിപ്പിച്ച പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ഡിസംബര്‍ 5, 6, 7 എന്നീ ദിവസങ്ങളില്‍ ബിജെപിയുടെ മൂന്ന് രഥയാത്രകൾ  പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കെയാണ് നേതാവിന്റെ വിവാദ പരാമർശം.

‘ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് രഥയാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഈ രഥയാത്ര തടയാൻ ശ്രമിക്കുന്നവർ രഥത്തിന്‍റെ ചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരയും'. ലോക്കറ്റ് പറഞ്ഞു. ഡിസംബര്‍ 5, 6, 7 എന്നീ ദിവസങ്ങളില്‍ നടക്കുന്ന രഥയാത്രകൾ സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാകും കടന്ന് പോകുക. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന രഥയാത്രയുടെ സമാപന ദിവസം നരേന്ദ്ര മോദിയെ കൊണ്ടു വന്ന് വലിയ രീതിയിൽ പൊതുയോഗം നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

വിവാദ പ്രസംഗങ്ങളിലൂടെ ലോക്കറ്റ് ചാറ്റര്‍ജി മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ഇന്ത്യയിൽ ബോംബ് നിർമ്മിക്കുകയാണെന്നും ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്നുള്ള വിവാദ പരാമർശം ലോക്കറ്റ് നടത്തിയിരുന്നു. കൂടാതെ 2016-ൽ  പോളിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലോക്കറ്റ് ചാറ്റർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തിരുന്നു.
 

Follow Us:
Download App:
  • android
  • ios