Asianet News MalayalamAsianet News Malayalam

പീതാംബരന് തനിച്ച് ഇത്രയും പഴുതടച്ച കൊലപാതകം നടത്താന്‍ സാധിക്കുമോ? ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍

പെരിയയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി ഉണ്ടായതാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം. എ പീതാംബരൻ എന്ന ഒരു ഏരിയ കമ്മറ്റി അംഗത്തിന്റെ മാത്രം ഇങ്ങനെ ആസൂത്രിതമായി കൊല നടത്താനാകുമോ

big mystery behind the double murder kasarkode
Author
Kerala, First Published Feb 21, 2019, 1:20 AM IST

കാസർകോട്: പെരിയയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി ഉണ്ടായതാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം. എ പീതാംബരൻ എന്ന ഒരു ഏരിയ കമ്മറ്റി അംഗത്തിന്റെ മാത്രം ഇങ്ങനെ ആസൂത്രിതമായി കൊല നടത്താനാകുമോ. പീതാബരനും ചിലരും ചേർന്ന് കൊല നടത്തി എന്ന് പൊലീസ് പറയുമ്പോൾ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയുണ്ട്.

ഒന്നര വർഷത്തോളമായി പെരിയയിലെ ഗ്രാമങ്ങളിൽ സിപിഎം കോണഗ്രസ് സംഘർഷം തുടരുന്നുണ്ട്. ചെറിയ ചെറിയ സംഭവങ്ങളിൽ തുടങ്ങുന്ന വാക്കേറ്റങ്ങൾ ഓഫീസ് ആക്രമണവും കയ്യാങ്കളിയും ആയിമാറുന്നു. അവസാനം ഉണ്ടായ സംഘർഷത്തിലാണ് പീതാംബരന് പരിക്കേറ്റത്. കഴിഞ്ഞ ജനുവരി അഞ്ചിന്. അന്ന് ഒരുസംഘം ആളുകൾ പീതാബരനെ കല്യോട്ട് വച്ച് ആക്രമിച്ചു. കൈയൊടി‍ഞ്ഞ പീതാംബരൻ ആശുപത്രിയിലായി. ഈകേസിൽ ഒന്നാം പ്രതി ശരത് ലാലും ആറാംപ്രതി കൃപേഷുമായിരുന്നു. 

കൃപേഷിനെ പിന്നീട് കേസിൽ നിന്ന് ഒഴിവാക്കി. ശരത് ലാൽ റിമാന്റിലായി. ജയിലിൽ നിന്ന് ഇറങ്ങിയാൽ ശരത് ലാലിനെ ആക്രമിക്കുമെന്ന് പീതാബരൻ പറഞ്ഞിരുന്നതായി നാട്ടുകാരും പറയുന്നു. ഇരട്ടക്കൊലപാതകങ്ങൾ പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി നടന്നതാണെങ്കിൽ കൊലപാതകം മാത്രം സിപിഎം നേതൃത്വം എങ്ങനെ അറിയാതെ പോയി. പൊലീസ് ആദ്യഘട്ടത്തിൽ നൽകിയ സൂചന പ്രഫഷണൽ സംഘമായിരിക്കാം കൊലപാതകം നടത്തിയത് എന്നായിരുന്നു. 

കർണാകടയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പറ‍ഞ്ഞു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. പ്രതികൾ വിവിധ പാർട്ടി കേന്ദ്രങ്ങളിൽ എത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ഒന്നിന്റെ ഉടമയും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂന്ന് വാഹനങ്ങൾ കൂടി തിരിച്ചറിഞ്ഞു. തെളിവുകൾ പൊലീസ് ശാസ്ത്രീയമായി ശേഖരിച്ചില്ലെന്ന് ആരോപണം ഉയുർന്നുകഴിഞ്ഞു.

അന്വേഷണം പ്രാദേശിക തലത്തിൽ അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. കൊലപാതകത്തെ തള്ളിപ്പറയുന്ന സിപിഎം നേതൃത്വം പക്ഷെ പ്രദേശത്തെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലം ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്താനില്ലെന്നാണ് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ഐവി ബാലകൃഷ്ണന്‍റെ പ്രതികരണം.

പീതാംബരന്റെ മാത്രം ഗൂഡാലോചനയിൽ ഇത്രയും പഴുതടച്ച രീതിയിൽ കൊലപാതകം നടത്താൻ സാധിക്കുമോ. അതോ ക്വട്ടേഷൻ കൊലപാതകമാണോ ഇത്. ഈ ചോദ്യങ്ങൾ പൊലീസിനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇതാണ്. 'അന്വേഷണം നടന്നുവരികയാണ് എല്ലാവരും അറസ്റ്റിലായാല്‍ കാര്യങ്ങള്‍ വ്യക്തമാകും അതുവരെ കാത്തിരിക്കുക'.

Follow Us:
Download App:
  • android
  • ios