Asianet News MalayalamAsianet News Malayalam

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബി.ജെ.പി ഗവര്‍ണര്‍ക്കെതിരെ

BJP against governor p sadasivam on RSS workers murder in kannur
Author
First Published May 13, 2017, 12:47 PM IST

തിരുവനന്തപുരം: കണ്ണൂരില്‍ ഇന്നലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നല്‍കിയ നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതില്‍ പ്രതിഷേധം. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ തങ്ങള്‍ക്ക് ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വിലാസം അറിയാത്തത് കൊണ്ടല്ല ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കണ്ണൂര്‍ സംഭവത്തില്‍ ചെയ്യാവുന്ന കാര്യം ഗവര്‍ണര്‍ ചെയ്തില്ലെന്നും എം.ടി രമേശ് ആരോപിച്ചു.

ഒ രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നംഗ ബി.ജെ.പി പ്രതിനിധിസംഘം ഇന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെക്കണ്ട് കണ്ണൂരിലെ കൊലപാതകം സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനമാണ് ഗവര്‍ണ്ണര്‍ അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത്തരം അക്രമസംഭവങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും, സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനാകണമെന്നും ഗവര്‍ണ്ണര്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ സംഭവത്തില്‍ അടിയന്തര നടപടിക്കായി ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ജില്ലയില്‍ അക്രമം നടക്കുന്ന സ്ഥലങ്ങളെ പ്രശ്നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സായുധ സേനാ പ്രത്യേകാധികാര നിയമം നടപ്പാക്കണമെന്നുമായിരുന്നു ബി.ജെ.പിയുടെ നിവേദനത്തിലെ ആവശ്യം. ഇതേ ആവശ്യം ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉന്നയിച്ചിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കക്കന്‍പാറയില്‍ ചൂരക്കാട് ബിജു (34)വിനെയാണ് പയ്യന്നൂരിന് സമീപം പാലക്കോട് വെച്ച് ഇന്നലെ വൈകുന്നേരം നാലോടെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകന്‍ സി.വി.ധന്‍രാജിനെ ഒരു വര്‍ഷം മുന്‍പ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തില്‍ വച്ച് അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios