Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ തോല്‍വി; ബി.ജെ.പി നേതാക്കളെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു

bjp national leadership calls state leaders to delhi
Author
First Published Apr 19, 2017, 1:07 PM IST

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ബി.ജെ.പി സംസ്ഥാന നേതാക്കളെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടുയുള്ള നേതാക്കള്‍ നാളെ ദില്ലിയിലെത്തും. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് നേരത്തെ സംസ്ഥാന ഭാരവാഹി യോഗത്തെ കുമ്മനം അറിയിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ എന്‍.ഡി.എ വിപുലീകരിക്കാനും നേതൃയോഗങ്ങളില്‍ ധാരണയായി.

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയ പ്രകടനത്തിന്റെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളെ നാളെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ ദേശീയ നേതാക്കള്‍ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി  എല്‍ ഗണേഷ് എന്നിവരോടാണ് കൂടിക്കാഴ്ചക്കെത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. ദേശീയ തലത്തില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വക്കുമ്പോള്‍ മലപ്പുറത്തുണ്ടായ ദയനീയ പരാജയത്തില്‍ ദേശീയ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. രണ്ട് ദിവസങ്ങളിലായി പാലക്കാട് നടന്ന ബി.ജെ.പിയുടെ നേതൃയോഗങ്ങളിലും ഇക്കാര്യങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉണ്ടായത്.  

ഒരു ഘട്ടത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഭാരവാഹി യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിലെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നെന്നാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ എന്‍.ഡി.എ വിപുലീകരിക്കാനും നേതൃയോഗങ്ങളില്‍ ധാരണയായി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം രാഷ്ട്രീയമല്ല, വര്‍ഗ്ഗീയമാണെന്ന നിലപാടാണ് ബി.ജെ.പി വരും ദിവസങ്ങളില്‍ സ്വീകരിക്കുക.

Follow Us:
Download App:
  • android
  • ios