Asianet News MalayalamAsianet News Malayalam

'വിശ്വാസം' ആയുധമാക്കിയ ബിജെപിക്ക് ഉന്നം പിഴച്ചോ ? ശബരിമല സമരത്തിന്റെ ഭാവിയെന്ത് ?

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലുകളും അതിനെ തുട‍ര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം വിപരീത ഫലമുണ്ടാക്കുന്നു എന്ന വിമര്‍ശനം ബിജെപിക്ക് അകത്ത് തന്നെ ഉണ്ടായി. പലപ്പോഴുമത് ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്നു. 

Bjp sabarimala temple politics future
Author
Thiruvananthapuram, First Published Jan 20, 2019, 1:17 PM IST

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനെന്ന പേരിലാണ് ശബരിമല പ്രശ്നത്തിൽ സര്‍ക്കാരിനെതിരെ ബിജെപി സമരം തുടങ്ങിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക , ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നടത്തി വന്ന സമരം ശബരിമലയിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയപ്പോൾ മുതൽ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍സ്വരമുയര്‍ന്നിരുന്നെങ്കിലും മുന്നോട്ട് തന്നെയെന്ന് നേതൃത്വം ഉറപ്പിച്ചു.  ഒന്നും രണ്ടുമല്ല നാൽപ്പത്തൊൻപത് ദിവസം നീണ്ടതായിരുന്നു റിലേ നിരാഹാരം . 

സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനിൽ തുടങ്ങിയ നിരാഹാരം  മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പദ്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ എൻ ശിവരാജൻ, പിഎം വേലായുധൻ, മഹിളാ മോര്‍ച്ച അധ്യക്ഷ വിടി രമ, ഏറ്റവും ഒടുവിൽ  പികെ കൃഷ്ണദാസ് വരെ നീണ്ടു. ആദ്യം മുതൽ സമരത്തോട് മുഖം തിരിച്ച സര്‍ക്കാര്‍ അവസാന നിമിഷം വരെ അവഗണന തുടര്‍ന്നു. ആവര്‍ത്തിച്ച് ആവശ്യമുയര്‍ന്നിട്ടും സമര‍ക്കാരുമായോ അവരുന്നയിച്ച ആവശ്യങ്ങളുമായോ ഒരു ഘട്ടത്തിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. 

Bjp sabarimala temple politics future

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലുകളും അതെ തുട‍ര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം വിപരീത ഫലമുണ്ടാക്കുന്നു എന്ന വിമര്‍ശനം ബിജെപിക്ക് അകത്ത് തന്നെ ഉണ്ടായി. പലപ്പോഴുമത് ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്നു. ശബരിമല മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുകയും 22 ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച റിവ്യു ഹര്‍ജികൾ അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരവും വഴിമുട്ടുകയായിരുന്നു. ഇനിയെങ്ങോട്ട് എന്ന പരസ്പരം ചോദിക്കുന്ന ഘട്ടത്തിലാണ് സെക്രട്ടേറിയേറ്റ് പടിക്കലെ അനിശ്ചിതകാല നിരാഹരം അവസാനിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. എന്നാല്‍ സമരം  വൻ വിജയമായിരുന്നു എന്നാണ് കാര്യ കാരണങ്ങള്‍ നിരത്തി  ബിജെപിയുടെ അവകാശവാദം.

ഭരണഘടനാ ‍ബെഞ്ചിന്റെ യുവതീപ്രവേശന വിധിക്ക് ശേഷം ശബരിമലയിൽ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റാണെന്ന് ബോധിപ്പിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നാണ് ബിജെപി പറയുന്നത്. ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് ബിജെപി വിലയിരുത്തൽ. വനിതാ മതിലിന് ബദലായി വിശ്വാസികളെ അണിനിരത്തി അയ്യപ്പ ജ്യോതിയും അതിലെ പങ്കാളിത്തവും മുതൽ  എണ്ണാൻ ഏറെ നേട്ടങ്ങളുണ്ടെന്നാണ് ബിജെപി പറയുന്നത്. 

മാത്രമല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ബിജെപിയുടെ സംഘനാ സംവിധാനം മെച്ചപ്പെടുത്താനും സംഘപരിവാര്‍ ആശയങ്ങളിലേക്ക് ആളെ കൂട്ടാനും ശബരിമല ആയുധമാകുമെന്ന കണക്കു കൂട്ടലും ഉണ്ട്. എൻഎസ്എസ് അടക്കമുള്ള സംഘടകൾ സ്വീകരിച്ച ശബരിമല നിലപാടുകളും ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്. ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയിൽ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പിൽ ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ സമരത്തിന് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

Bjp sabarimala temple politics future

സെക്രട്ടേറിയറ്റിനു മുന്നിൽ പന്തല് കെട്ടാൻ തീരുമാനിച്ചെങ്കിലും, ഡിസംബര്‍ മൂന്നിന് തുടങ്ങി ജനുവരി ഇരുപത് വരെ നീണ്ട സമരകാലം അത്ര എളുപ്പമായിരുന്നില്ല ബിജെപിക്ക് . വിശ്വാസ സംരക്ഷണത്തിനെന്ന പേരിൽ പ്രക്ഷോഭത്തിനിറങ്ങിയ നേതാക്കളെയും പ്രവര്‍ത്തകർക്കും എതിരെ പൊലീസ് നടപടികളുണ്ടായി. നാടെങ്ങും വിശ്വാസ സംരക്ഷണ ജാഗ്രതയിലെന്ന് നേതാക്കൾ ആവര്‍ത്തിക്കുന്നതിനിടെ ബിന്ദുവും കനകദുഗ്ഗയും ശബരിമല കയറി. നിരാഹാരം തുടരാൻ നേതാക്കളെ കിട്ടാത്ത അവസ്ഥ പാര്‍ട്ടിക്കകത്ത് കടുത്ത വിമര്‍ശനത്തിനിടയാക്കി. ഏറ്റവും ഒടുവിൽ  22 ന് സുപ്രീംകോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച റിവ്യു ഹര്‍ജികൾ ഉടനൊന്നുമില്ലെന്ന തിരിച്ചറിവും ഒപ്പം മണ്ഡല മകരവിളക്ക് സീസണ്‍ കഴിഞ്ഞ് നടയടക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ്  അനിശ്ചിതകാല നിരാഹാര സമരമവസാനിപ്പിക്കാൻ ബിജെപിയെ നിര്‍ബന്ധിതരാക്കിയത്. 

ശബരിമല സമരത്തിന് ഫുൾസ്റ്റോപ്പിടാൻ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിൽ ബിജെപിക്ക് ആകില്ല . ഇനിയെന്തെന്ന ചോദ്യത്തിനാകട്ടെ ഏറെ പ്രസക്തിയുമുണ്ട്. സമര രീതിയിലും നിലപാടുകളിലും നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുണ്ടായ അകൽച്ചയും അപസ്വരങ്ങളും പരിഹരിക്കലും ഏളുപ്പമാകില്ല. ശബരിമല വിഷയം ആളിക്കത്തിച്ച് പ്രതീക്ഷയിലെറെ ആളെ കൂട്ടാനായെന്ന ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട്. എങ്കിലും വിശ്വാസികളും അവിശ്വാസികളും രണ്ട് തട്ടിലായി വേർതിരിഞ്ഞെന്ന അവകാശവാദത്തിന് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടോ? പുരോഗമന ആശയങ്ങളോട് പിന്തിരിപ്പൻ നിലപാടെന്ന എതിര്‍ചേരിയുടെ വിമര്‍ശനങ്ങളെ എത്രനാൾ പ്രതിരോധിക്കാനാകും? തെരഞ്ഞെടുപ്പ് ഗോദയിൽ അയ്യപ്പരാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ത്? വരും കാലം ബിജെപിക്ക് മുന്നിലവശേഷിപ്പിക്കുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.
 

Follow Us:
Download App:
  • android
  • ios