Asianet News MalayalamAsianet News Malayalam

അഴിമതി സംബന്ധമായ പരാതികള്‍ ഇനി അന്വേഷിക്കേണ്ടെന്ന് ബിജെപി നേതൃത്വം

BJP stop all enquires about scam
Author
First Published Jul 22, 2017, 9:10 AM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയോടെ പരുങ്ങലിലായ ബിജെപി നേതൃത്വം നേരത്തെ കിട്ടിയ പരാതികളിലുള്ള അന്വേഷണം നിര്‍ത്തുന്നു. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തിരിമറിയും മലബാറിലെ ചില പ്രമുഖ നേതാക്കളുടെ കോഴ ഇടപാട് സംബന്ധിച്ച അന്വേഷണവുമാണ് നിശ്ചലമാകുന്നത്.

മെഡിക്കല്‍ കോളേജ് കോഴയോടെ സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് ബിജെപി നേതൃത്വം നേരിടുന്നത്. പൂഴ്ത്തി വച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാന അധ്യക്ഷന്‍റെ ഓഫീസടക്കം പരുങ്ങലിലാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നേരത്തെ ഉയര്‍ന്ന പരാതികളിലന്മേലുള്ള അന്വേഷണം ഇനി മുമ്പോട്ട് കൊണ്ടുപോകേണ്ടെന്ന രഹസ്യ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തിരിമറി നടന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ സമ്മതിക്കുന്നുണ്ട്. വ്യാജ രസീത് കുറ്റി അടിച്ച് ലക്ഷങ്ങളാണ് ദേശീയ കൗണ്‍സിലിന്‍റെ പേരില്‍ ഒരു വിഭാഗം തട്ടിയെടുത്തതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ഇപ്പോള്‍ ആരോപണം ഉയര്‍ന്ന സംസ്ഥാന നേതാവിന്‍റെ അനുയായികളിലേക്കാണ് ഇതിന്‍റെ മുന നീളുന്നത്. മലബാറിലെ ഒരു സ്വകാര്യ മെഡിക്കല്‍കോളേജില്‍ നിന്നും മറ്റൊരു ആശുപത്രിയില്‍ നിന്നും മറുപക്ഷം കോഴ വാങ്ങിയതായുള്ള  ആരോപണവും നിലവിലുണ്ട്. ഇതേ കുറിച്ചെല്ലാം മലബാറില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്  തന്നെ ദേശീയ സംസ്ഥാന, നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതികളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരമേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

എന്നാല്‍ തല്‍ക്കാലം പരാതികളില്‍ മേലുള്ള നടപടികള്‍  മുന്‍പോട്ട് കൊണ്ടുപോകേണ്ടെന്ന നിര്‍ദ്ദേശം ഇദ്ദേഹത്തിന് കിട്ടിയതായാണ് അറിയുന്നത്. മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നേതൃത്വത്തിന് കിട്ടിയതിന് പിന്നാലെയാണ് മറ്റ് അന്വേഷണങ്ങള്‍ ചവിട്ടിപ്പിടിക്കാനുള്ള നിര്‍ദ്ദേശമെത്തിയതെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ അടിവേരിളക്കുന്ന തരത്തില്‍ മറ്റൊരന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നാല്‍ അത് താങ്ങാനുള്ള ശേഷി നേതൃത്വത്തിനുണ്ടാകില്ലെന്നാണ്  നിഷ്പക്ഷരായ ചില നേതാക്കള്‍  പറയുന്നത്.
 

 

Follow Us:
Download App:
  • android
  • ios