Asianet News MalayalamAsianet News Malayalam

ആദിവാസികളാല്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല

നാം നിസാരമായി കാണുന്ന പല അസുഖങ്ങളേയും അതിജീവിക്കാനുള്ള ശേഷി അവര്‍ക്കുണ്ടാവില്ല. പുറംലോകത്തുള്ളവരില്‍ നിന്നും പകരുന്ന ജലദോഷമോ പനിയോ പോലും അവരുടെ ആരോഗ്യത്തെ തകര്‍ക്കും.... നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. 

body of us citizen may not be retrieved
Author
Andaman and Nicobar Islands, First Published Nov 25, 2018, 10:56 AM IST

പോര്‍ട്ട് ബ്ലെയര്‍:സെന്‍റിനല്‍സ് ദ്വീപ് നിവാസികളാല്‍ കൊലപ്പെട്ട അമേരിക്കന്‍ പൗരനും സഞ്ചാരിയുമായ ജോണ്‍ അലന്‍ ചോയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു. സെന്‍റിനല്‍സ് ദ്വീപ് നിവാസികളുമായി ഏതെങ്കിലും രീതിയിലും സന്പര്‍ക്കം നടത്തിയാല്‍ അതവരുടെ ആരോഗ്യത്തെ ബാധിച്ചേക്കും എന്ന് വാദം നരവംശശാസ്ത്രജ്ഞര്‍ ശക്തമായി ഉയര്‍ത്തിയതോടെയാണ് മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലായത്. 

സെന്‍റിനല്‍സ് ദ്വീപിന് ചുറ്റും ഇപ്പോഴും കോസ്റ്റ് ഗാര്‍ഡും ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും അലന്‍റെ മൃതദേഹമോ  കൊലപാതകം നടന്ന സ്ഥലമോ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദ്വീപിലേക്ക് അവര്‍ ഇതുവരെ പ്രവേശിച്ചിട്ടുമില്ല. പുറംലോകവുമായി നൂറ്റാണ്ടുകളായി ബന്ഡമില്ലാതെ ആദിവാസികളുമായി അടുത്ത് ഇടപഴകിയാല്‍ അതവരുടെ വംശനാശത്തിന് തന്നെ കാരണമാക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പാണ് ദ്വീപില്‍ പ്രവേശിക്കുന്നതിലും നിന്നും അധികൃതരെ പിന്നോട്ട് വലിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ ഒരു പരിസ്ഥിതിയില്‍ ജീവിച്ചു വരുന്നവരാണ് സെന്‍റിനെല്‍സ് ദ്വീപ് നിവാസികള്‍. അവരുടെ ആരോഗ്യനിലയും രോഗപ്രതിരോധശേഷിയും നമ്മളില്‍ നിന്നും വ്യത്യസ്തമാണ്. നാം നിസാരമായി കാണുന്ന പല അസുഖങ്ങളേയും അതിജീവിക്കാനുള്ള ശേഷി അവര്‍ക്കുണ്ടാവില്ല. പുറംലോകത്തുള്ളവരില്‍ നിന്നും പകരുന്ന ജലദോഷമോ പനിയോ പോലും അവരുടെ ആരോഗ്യത്തെ തകര്‍ക്കും.... നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. 

ആര്‍ക്കെങ്കിലും സെന്‍റിനല്‍സ് ദ്വീപുമായി ബന്ധം സ്ഥാപിക്കണം എന്നുണ്ടെങ്കില്‍ അവരെ പോലയായി മാറുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു കാരണവശാലും യൂണിഫോം വേഷത്തില്‍ അവരെ സമീപിക്കരുത് അവരെ അത് ഭയപ്പെടുത്തും. വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് സെന്‍റിനല്‍സിനെ പോലെ ഒറ്റപ്പെട്ടു ജീവിക്കുന്ന മറ്റൊരു ആദിവാസി ദ്വീപിലേക്ക് ഞാന്‍ പോയത്... നരവംശശാസ്ത്രജ്ഞനായ അനുപ് കപൂര്‍ പറയുന്നു.

അലന്‍റെ മൃതദേഹം തീരത്തേക്ക് വലിച്ചു കൊണ്ടു വന്ന് കുഴിച്ചു മൂടാന്‍ ശ്രമിക്കുന്നത് കണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആ സ്ഥലം ഇപ്പോഴും തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികളുമായി പലതവണ പൊലീസ് ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തിയിട്ടുണ്ട്.  

അലന്‍റെ മൃതദേഹം വീണ്ടെടുക്കുന്നതിന് കൃത്യമായ സമയപരിധിയൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് ഇപ്പോള്‍ പറയുന്നത്. ദ്വീപില്‍ നിരീക്ഷണം തുടരുകയാണ്. എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ട്. എന്തായാലും സെന്‍റിനല്‍സ് ദ്വീപ് നിവാസികളെ അലോസരപ്പെടുത്തുന്ന ഒരു നടപടിയും ഞങ്ങളുണ്ടാവില്ല..... ആന്‍ഡമാന്‍ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios