Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ മാലിന്യങ്ങള്‍ ഇനി വൈദ്യുതിയായി മാറും

മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ കത്തിച്ച് ചാരമാക്കി മാറ്റുന്ന ഗ്യാസിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് വൈദ്യുതി ഉത്പാദനം

brahmapuram waste to electricity plant

കൊച്ചി: മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കൊച്ചിയില്‍. ബ്രാഹ്മപുരത്ത് നിര്‍മിക്കുന്ന പ്ലാന്റിന് മുഖ്യമന്ത്രി അടുത്ത തിങ്കളാഴ്ച തറക്കല്ലിടും. ഒന്നര വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ നിന്ന് പ്രതിദിനം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.

പുതിയ പദ്ധതിയോടെ കൊച്ചിയിലെ മാലിന്യ പ്രതിസന്ധിയ്‌ക്ക് ശാശ്വത പരിഹാരമാവുകയാണ്. കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യം മുഴുവന്‍ അടുത്ത വ‍ര്‍ഷം അവസാനം മുതല്‍ വൈദ്യുതിയാക്കി മാറ്റും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ കത്തിച്ച് ചാരമാക്കി മാറ്റുന്ന ഗ്യാസിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് വൈദ്യുതി ഉത്പാദനം. മുഴുവന്‍ വൈദ്യുതിയും കെ.എസ്.ഇ.ബി വാങ്ങും. പ്രതിദിനം 300 ടണ്‍ മാലിന്യം സംസ്കരിക്കാവുന്ന പദ്ധതിയ്‌ക്ക് പിന്നില്‍ ജി.ജെ എക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. പദ്ധതിയ്‌ക്ക് ചെലവ് വരുന്ന 360 കോടി രൂപയും കമ്പനി മുടക്കും. മാലിന്യം കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നല്‍കണം.

പദ്ധതിക്കായി ബ്രഹ്മപുരത്തെ 20 ഏക്കര്‍ സ്ഥലം കൊച്ചി കോര്‍പ്പറേഷന്‍ ജി.ജെ എക്കോ പവറിന് കൈമാറി. ഒരുടണ്‍ മാലിന്യത്തില്‍നിന്ന് ആദ്യം ഉല്‍പ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യുതിക്ക്, യൂണിറ്റിന് 15 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ ജി.ജെ എക്കോ പവറിന് നല്‍കും. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 330 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. അധികം നിര്‍മിക്കുന്ന വൈദ്യുതി വിറ്റുകിട്ടുന്ന തുകയുടെ 20 ശതമാനം കൊച്ചി കോര്‍പ്പറേഷനാണ്. ഇതിന് പുറമേ സ്ഥല വാടകയായി കമ്പനി കോര്‍പ്പറേഷന് പ്രതിവര്‍ഷം 1.2 കോടി രൂപ നല്‍കും. ഡി.ബി.എഫ്.ഒ.ടി വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതി 20 വര്‍ഷത്തിന് ശേഷം കോര്‍പ്പറേഷന് കൈമാറുകയും ചെയ്യും. രണ്ട് വര്‍ഷത്തോളമായി സര്‍ക്കാരിന്റെ പരിഗണനയിലിരുന്ന പദ്ധതി വിശദ പഠനങ്ങള്‍ക്ക് ശേഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

Follow Us:
Download App:
  • android
  • ios