Asianet News MalayalamAsianet News Malayalam

ബ്രിക്സ്;സുപ്രധാന പ്ളീനറി സമ്മേളനം ഇന്ന്; ഭീകരതയ്ക്കെതിരെ സഹകരണത്തിന് പ്രഖ്യാപനമുണ്ടാകും

Brics today
Author
First Published Oct 16, 2016, 2:22 AM IST

ബ്രിക്സ് ഉച്ചകോടിയുടെ സുപ്രധാന പ്ളീനറി സമ്മേളനം ഇന്ന് ഗോവയിൽ നടക്കും. ഭീകരതയുടെ കാര്യത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നല്കുന്ന പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകാൻ ഇന്ത്യ ശ്രമിക്കും. ശ്രീലങ്കൻ പ്രസിഡന്റുമായും ബംഗ്ളാദേശ് പ്രധാനമന്ത്രിയുമായും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രത്യേക കൂടിക്കാഴ്ച നടത്തും.

പതിനൊന്ന് രാഷ്ട്രനേതാക്കളുടെ സംഗമവേദിയായി ഗോവ മാറിയിരിക്കുന്നു. ഇന്ത്യ റഷ്യ ബ്രസീൽ ചൈന ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മയ്ക്കു പുറമെ ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ, തായ്‍ലന്റ് എന്നീ രാജ്യങ്ങളുടെ ബിംസ്റ്റെക് കൂട്ടായ്മയും ഗോവയിൽ ഒത്തു ചേരുന്നു. ഇന്നലെ നരേന്ദ്ര മോദി ഉപയോഗിക്കുന്നതിന് സമാനമായ ജാക്കറ്റുകളിഞ്ഞാണ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കൾ പ്രധാനമന്ത്രി നല്കിയ വിരുന്നിൽ പങ്കെടുത്തത്. ഈ സൗഹൃദം ഇന്നു പുറത്തിറക്കുന്ന പ്രഖ്യാപനത്തിലുമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ ആഗ്രഹിക്കുന്നു. രാജ്യാന്തര ഭീകരവാദത്തിനെതിരെ സമഗ്ര കൺവെൻഷൻ യുഎൻ അംഗീകരിക്കണം എന്ന ഇന്ത്യയുടെ നിലപാടിനെ ഐക്യരാഷ്ട്ര പൊതുസഭയിലെ രണ്ട് സ്ഥിരാംഗങ്ങൾ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മയുടെ പിന്തുണ വാങ്ങാൻ നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തും. പാകിസ്ഥാനെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ശക്തമായ മുന്നറിയിപ്പ് നല്കുന്നതാവണം പ്രഖ്യാപനം എന്നും ഇന്ത്യ ആഗ്രഹിക്കുന്നു. ബ്രിക്സ് നേതാക്കൾ എല്ലാം ഉൾപ്പെട്ട ചർച്ചകൾ രാവിലെ നടക്കും.

ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പ്രധാനപ്പെട്ട പ്ളീനറി സമ്മേളനം. ഇതിനു ശേഷം നേതാക്കൾ മാധ്യമങ്ങളെ കാണും. വൈകിട്ട് ബിംസ്ടെക് രാജ്യങ്ങളുടെയും ബ്രിക്സ് രാജ്യങ്ങളുടെയും പ്രത്യേകയോഗം ചേരും. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എന്നിവരുമായി മോദി പ്രത്യേക കൂടിക്കാഴ്ച ഗോവയിൽ നടത്തും. മ്യാൻമാറിനെ പ്രതിനിധീകരിക്കുന്നത് സ്റ്റേറ്റ് കൗൺസലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാങ് സൂചിയാണ്. ആണവവിതരണ ഗ്രൂപ്പിലെ അംഗത്വം ഐക്യരാഷ്ട്രസഭയുടെ പരിഷ്ക്കരണം എന്നീ വിഷയങ്ങളിലും നിലപാട് ശക്തമായി അവതരിപ്പിക്കാൻ ഉച്ചകോടി ഇന്ത്യ അവസരമാക്കുകയാണ്.

 

Follow Us:
Download App:
  • android
  • ios