Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് മുന്നോടിയായി 14 ജില്ലകളിലും ബജറ്റ്‌ സെമിനാറുകൾ സംഘടിപ്പിക്കും: കൊടിയേരി ബാലകൃഷ്ണന്‍

ലോകസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ബജറ്റ്‌ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. 

Budget seminars to be held in 14 districts Kodiyeri Balakrishnan said
Author
Thiruvananthapuram, First Published Feb 2, 2019, 10:00 PM IST

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ബജറ്റ്‌ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാർച്ച്‌ അഞ്ചിന്‌  തിരുവനത്തപുരത്ത്‌ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി, പ്ലാനിങ്‌ ബോർഡ്‌ ഉപാധ്യക്ഷൻ, സാമ്പത്തിക വിദഗ്‌ധർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ്‌ ദേശീയതലത്തിലുള്ളത്‌. അത്‌ കേരളത്തിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിന്‌ മുന്നേ പുറത്തുവരുന്ന സർവേ റിപ്പോർടുകൾക്ക്‌ ഒരു പ്രസക്തിയുമില്ല. എൽഡിഎഫ്‌ 18 സീറ്റ് നേടിയ 2004 ലും സർവേ റിപ്പോർടുകൾ എൽഡിഎഫിന്‌ എതിരായിരുന്നെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാർട്ടി പൂര്‍ണ്ണസജ്ജമാണെന്നും കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കലാണ്‌ സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‍റെ മുന്നോടിയായി എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട്‌ പ്രചാരണ ജാഥകൾ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സംഘടിപ്പിക്കും. ഈ ജാഥ മാർച്ച്‌ രണ്ടിന്‌ തൃശൂരിൽ സമാപിക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുമെന്നും കോടിയേരി ബാലകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന കൺട്രോൾ കമ്മീഷൻ പുനഃസംഘടിപ്പിക്കും. മരണപ്പെട്ട ഇ കസിം, തൃശൂർ ജില്ലാ സെക്രട്ടറിയായ എം എം വർഗീസ്‌, ടി കൃഷ്‌ണൻ എന്നിവർക്ക്‌ പകരം എം വിജയകുമാർ, കെ വി അബ്‌ദുൽ ഖാദർ, പനോളി വത്സൻ എന്നിവരെ കൺട്രോൾ കമ്മീഷനിൽ ഉൾപ്പെടുത്തി. കെ കെ ലതിക, എം ടി ജോസഫ്‌ എന്നിവരാണ്‌ കമ്മീഷനിലെ മറ്റ്‌ അംഗങ്ങൾ.

Follow Us:
Download App:
  • android
  • ios