Asianet News MalayalamAsianet News Malayalam

ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ, മുഴുവന്‍ ദുരിത ബാധിതര്‍ക്കും സഹായം

cabinet decisions ockhi cyclone coastal people
Author
First Published Dec 13, 2017, 10:55 AM IST

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കും. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്നും 5 ലക്ഷം രൂപ മന്ത്യബന്ധന വകുപ്പില്‍നിന്നും 5 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുമാണ് നല്‍കുക. മത്സ്യത്തൊഴിലാളി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍നിന്ന് തുക പിന്‍വലിക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്യാന്‍ ഇന്ന് തടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. 

മരിച്ചവരുചടെ ആശ്രിതരില്‍ മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇതിനാല്‍ 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം  രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക.

സഹായധനം ഒന്നിച്ച് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നടപടികള്‍ വേഗത്തിലാക്കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്തവരും ദുരിത ബാധിതരായി ഉണ്ടാകാം. എന്നാല്‍ അവരെ പുനരധിവാസ പാക്കേജില്‍നിന്ന്് മാറ്റി നിര്‍ത്തില്ല. അവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും  വേണ്ട പരിഗണന നല്‍കി സഹായം നല്‍കും. നേരത്തേ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളല്ലാവര്‍ക്ക് സഹായം നലഭിക്കില്ലെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കയുടെയും ആവശ്യമില്ലെന്നും ആരെയും ഒഴിവാക്കില്ലെന്നും ധനസഹായ വിതരണത്തില്‍ മാനദണ്ഡങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ക്കായി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്. അത് ഇനിയും തുടരും. ദുരിത ബാധിതര്‍ സഹായത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരില്ല. 

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ അനുവദിച്ചു. ഇത് എത്രയും പെട്ടന്ന് ലഭ്യമാക്കും. ജോലിയ്ക്ക് പോകാന്‍ കഴിയാതെ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മെഡികല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം സഹായധനം പെട്ടന്ന് നല്‍കും. ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് തൊഴിലെടുക്കാന്‍ കഴിയാതായവര്‍ക്ക് ബദല്‍ ജീവിത ഉപാദിയായി 5 ലക്ഷം രൂപ നല്‍കും. പരിക്ക് പറ്റി ആശുപത്രിയില്‍ ചികിത്സ തേടിയ എല്ലാവര്‍ക്കും 20000 രൂപ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. നിലവില്‍ ആശുപത്രിയില്‍ ഉള്ളവര്‍ക്കും ആശുപത്രി വിട്ടവര്‍ക്കും ഈ സഹായധനം വിതരണം ചെയ്യും.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തിന് ബോധ്യപ്പെട്ടെന്നാണ് ബന്ധപ്പെട്ട മന്ത്രിമാരില്‍നിന്നുള്ള പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ദുരന്തത്തിന്റെ നാശനഷ്ടം കണക്കാക്കാന്‍ കേന്ദ്ര സംഘം എത്തുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയട്ടുണ്ട്. അവര്‍ ഉടനെ എത്തും. ഗുരുതര പരിക്കേറ്റവരും നഷ്ടങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. 

ചിലരെ കുറിച്ച് യാതൊരു വിവരവുമില്ല. ചെറുവള്ളങ്ങളിലും വലിയ വളളങ്ങളിലും മത്സ്യബന്ധനത്തിന് പോയവരാണ് ഇവര്‍. ഇതില്‍ വലിയ ബോട്ടുകളില്‍ പോകുന്നവര്‍ തിരിച്ചു വരാന്‍ കാലതാമസമെടുക്കും. എന്നാല്‍ ചെറിയ വള്ളങ്ങളില്‍ പോകുന്നവരില്‍ കുറേ പേര്‍ തിരിച്ചെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചറിയാനുള്ളവരെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തിരിച്ചറിയാമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി. 

തെരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ചിരുന്നു. തെരച്ചില്‍ തുടരണമെന്ന് ആവശ്യം അവര്‍ അംഗീകരിക്കുകയും ചെയ്തു. മൃതശരീരം കണ്ടതായി അറിയിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 


 

Follow Us:
Download App:
  • android
  • ios