Asianet News MalayalamAsianet News Malayalam

സിബിഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ സുപ്രിംകോടതിയില്‍

സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചു. 

cbi director Alok Verma in supreme court
Author
India, First Published Oct 24, 2018, 11:01 AM IST

ദില്ലി: സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചു. അലോക് വർമയുടെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.  പ്രധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു.

സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയുണ്ടായിരുന്നു. 

അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍. നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല.  സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടൽ കോടതി കയറിയിരുന്നു. ഒരു കോഴ കേസ് ഒതുക്കിതീര്‍ക്കാൻ ഇറച്ചി വ്യാപാരി മോയിൻ ഖുറേഷിയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ ഉപ ഡയറക്ടര്‍  രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു. 

സിബിഐ ഡയറക്ര്ടര്‍ അലോക് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഈ കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി രാകേഷ് അസ്താനയുടെ അനുയായ ഉദ്യോഗസ്ഥൻ ദേവേന്ദ്ര കുമാറിനെ കഴിഞ്ഞ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് രാകേഷ് അസ്താനയും ദേവേന്ദ്ര കുമാറും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 

കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച ദില്ലി ഹൈക്കോടതി അതുവരെ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാകേഷ് അസ്താനക്കെതിരെയുള്ള കേസിന്‍റെ വിവരങ്ങൾ നൽകാൻ സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോൾ നടക്കുന്ന അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. 

കസ്റ്റഡിയിലുള്ള ഡെപ്യുട്ടി സുപ്രണ്ടന്‍റ് ദേവന്ദ്ര കുമാറിനെ ഏഴ് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. സംഭവം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് സിബിഐക്ക് ഉണ്ടാക്കുന്നത്. ഇതിന് പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കെതിരെയും ഉപ ഡയറക്ടര്‍ അസ്താനക്കെതിരെയും നടപടി. ഇവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമില്ലെങ്കിലും ചുമതലകളില്‍ നിന്ന് നീക്കാനുള്ള അധികാരം വച്ചാണ് നടപടി.

Follow Us:
Download App:
  • android
  • ios