Asianet News MalayalamAsianet News Malayalam

ആരുഷി വധക്കേസ്; ദമ്പതികള്‍ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍

  • ആരുഷി വധക്കേസ്; ദമ്പതികള്‍ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍
CBI Moves Supreme Court Challenging Clean Chit To Aarushi Talwars Parents

ദില്ലി: ആരുഷി തല്‍വാര്‍ വധക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും വെറുതെവിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകള്‍ അശാസ്ത്രീയമാണെന്ന് സിബിഐ കോടതിയില്‍ വാദിച്ചു.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അലഹാബാദ് കോടതി തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. ആരുഷിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ ആരോപണം സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നായിരുന്നു ജസ്റ്റിസ് ബി.കെ.നാരായണ, ജസ്റ്റിസ് എ.കെ.മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചത്.

2008 മേയിലാണ് 14 വയസ്സുള്ള ആരുഷി തല്‍വാറിനെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കാണാതായി വീട്ടു ജോലിക്കാരന്‍ നേപ്പാളുകാരന്‍ ഹേംരാജിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. രണ്ടാംദിവസം ഹേംരാജിനെ വീടിന്റെ ടെറസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുവരുടയെും കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013ലാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios