Asianet News MalayalamAsianet News Malayalam

കാര്‍ഷിക വായ്പയുടെ പേരില്‍ തട്ടിപ്പ്; അമരീന്ദര്‍ സിങ്ങിന്‍റെ മരുമകനെതിരെ കേസ്

CBI registers loan fraud case of Rs 200 crore against Simbhaoli Sugar Mills Ltd
Author
First Published Feb 26, 2018, 4:56 PM IST

ദില്ലി: കാര്‍ഷിക വായ്പയുടെ പേരില്‍ ഒറിയന്‍റല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കര്‍ഷകരുടെ പണമാണ് കോണ്‍‍ഗ്രസുകാരുടെ പോക്കറ്റില്‍ എന്ന് ബിജെപി ആരോപിച്ചു. അതേസമയം ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദി ഗ്രൂപ്പിന്‍റെ കോടികളുടെ നികുതി വെട്ടിപ്പും പുറത്ത് വന്നു

5700കരിമ്പ് കര്‍ഷകരുടെ പേരില്‍ 110 കോടി രൂപയുടെ വ്യാജ വായ്പയെടുത്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും 98 കോടിയുടെ കോര്‍പ്പറേറ്റ് വായ്പയെടുത്ത് വഞ്ചിച്ച കേസുകളിലുമാണ് സിംബോലി ഷുഗേര്‍ഴ്സ് ലിമിറ്റഡ് കംമ്പനിക്കെതിരെ സിബിഐ കേസ്. മാനേജിങ് ഡയറക്ടറും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ മരുമകനുമായ ഗുര്‍പാൽ സിംഗ്  ഉൾപ്പെടെ 13 പേര്‍ക്കെതിരെയാണ്കേസ്. 

ഒറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്‍റെ തന്നെ പരാതിയിലാണ് സിബിഐ എഫ്ഐആര്‍. സിംബോലി ഷുഗേര്‍സിന്‍റെ ഓഫീസുകളിലെ പരിശോധനയില്‍ വായ്പ തട്ടിപ്പിന്‍റെ കൂടുതല്‍ രേഖകള്‍ ലഭിച്ചതായി സിബിഐ അറിയിച്ചു. കര്‍ഷകരുടെ പണമാണ് കോണ്‍ഗ്രസുകാരുടെ പോക്കറ്റില്ലെന്നും രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. അകാലിദളും കോൺഗ്രസിനെതിരെ രംഗത്തു വന്നു.

അതേസമയം ബാങ്ക് തട്ടിപ്പിന് പിന്നാലെ നീരവ് മോദി ഗ്രൂപ്പ് 515കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.വിദേശത്ത് നിന്ന് സ്വര്‍ണ്ണവും വജ്രങ്ങളുംവിലകുറച്ച്  ഇറക്കുമതി ചെയ്തായിരുന്നു  തട്ടിപ്പ്. മുംബൈയിലെ ഗീതാഞ്ജലി ഗ്രൂപ്പിന്‍റെ സ്വര്‍ണ്ണകടകളില്‍ വെളിപ്പെടുത്തിയതിൻറെ അഞ്ചരിട്ടി സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ടെന്നും 1216 കോടിയുടെ അനധികൃത വജ്രങ്ങള്‍ വിറ്റെന്നും ആദായി നികുതി വകുപ്പ് പരിശോധനയില്‍ വ്യക്തമായി.ഇതോടെ നീരവ് മോദിയുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന വ്യാജ കമ്പനികളും ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്..

Follow Us:
Download App:
  • android
  • ios