Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ സഖ്യനീക്കം സജീവം; ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം 22ന്

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ പ്രതിപക്ഷ സഖ്യനീക്കം സജീവമാകുന്നു. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം വിളിച്ചു

Chandrababu Naidu Calls Meeting All Non BJP Parties On November 22
Author
Delhi, First Published Nov 10, 2018, 11:20 PM IST

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ പ്രതിപക്ഷ സഖ്യനീക്കം സജീവമാകുന്നു. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗം വിളിച്ചു. നവംബര്‍ 22ന് ദില്ലിയിലെ ആന്ധ്രാപ്രദേശ് ഭവനിലാണ് യോഗം. വിവിധ പാര്‍ട്ടി നേതാക്കളുടെ സൗകര്യം കണക്കിലെടുത്താണ് യോഗം 22ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവിധ രാഷ്ട്രീയപാര്‍ട്ടീ നേതാക്കളുമായി തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യോഗ പ്രഖ്യാപനം.  കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചന്ദ്രബാബു നായിഡു വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ച്ചയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായും ഇന്ന് ചര്‍ച്ച നടത്തി. 

പല പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടുകളുണ്ട്. എങ്കിലും എല്ലാവരെയും ഒരേ പാളയത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ടിഡിപി തന്നെ കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസിനോട് നിഷേധ സമീപനമാണ് സ്വീകരിച്ച് വന്നത്. എന്നാല്‍ ഇപ്പോല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണ്. ജനാധിപത്യമാണ് പ്രധാനം. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങളാണ്. അത് അവര്‍ തിരിച്ചറിയുന്നുണ്ടെന്നും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണറിയിക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന്‍റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് നേതൃത്വം നല്‍കാന്‍ ഞങ്ങളില്ലെന്ന് വ്യക്തമാക്കി നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു.

എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണാടകയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്‍റെ വസതിയില്‍ എത്തിയത്. അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ചേരുന്ന ബിജെപി വിരുദ്ധ നേതാക്കളുടെ യോഗത്തില്‍ സ്റ്റാലിനും പങ്കെടുക്കും. 

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ മമതാ ബാനര്‍ജിയുമായും സിപിഎം പിന്തുണ തേടി സീതാറാം യെച്ചൂരിയുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തുന്നുണ്ട്.  ലോക്സഭാ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ ബിജെപി വരുദ്ധ മഹാസഖ്യത്തിന് കളമൊരുക്കാനുള്ള ശ്രമത്തിലാണ് ടിഡിപി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ടിഡിപിയുടെ നീക്കം. 

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം  തുടങ്ങിയ പാര്‍ട്ടികളെ എങ്ങനെ വരുതിയിലാക്കണമെന്ന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ഒപ്പം എഎപിയുടെ അരവിന്ദ് കേജ്രിവാളും സഖ്യത്തില്‍ സഹകരിക്കാന്‍ തയ്യാറായാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1996 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടിഡിപി.

Follow Us:
Download App:
  • android
  • ios