Asianet News MalayalamAsianet News Malayalam

കെ.എം. മാണിയുടെ ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമെന്നു ചെന്നിത്തല

chennithala about mani exit
Author
First Published Aug 7, 2016, 7:59 PM IST

തിരുവനന്തപുരം: കെ.എം. മാണിയുടെ ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമെന്നും, എന്തു കാരണംകൊണ്ടാണു കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്നറിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ കോഴ കേസിലടക്കം അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം. മാണി പറയുന്ന കാര്യങ്ങള്‍ 34 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ തക്ക കാര്യമാണെന്നു തോന്നുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണു കെ.എം. മാണി. അദ്ദേഹത്തിന്റെ കക്ഷിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് യുഡിഎഫില്‍ ഉന്നയിക്കാമായിരുന്നു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു.

ബാര്‍ കേസ് ഏറ്റവും ശക്തമായി വന്ന കാലഘട്ടത്തില്‍ കെ.എം. മാണിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും സംരക്ഷിച്ച നിലപാടാണു കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ ചുമതല അക്കാലത്തു തനിക്കായിരുന്നു. പ്രതിപക്ഷ നേതാവ് ബാര്‍ കോഴ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഒരു കത്തു നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഒരു ക്വിക് വെരിഫിക്കേഷന് ഉത്തരിവിട്ടു.

അന്വേഷണം നടത്തരുതെന്നു പറയാന്‍ തനിക്കു കഴിയില്ലായിരുന്നു. മന്ത്രിയെന്ന നിലയില്‍ താന്‍ ഒരു ഘട്ടത്തിലും വിജിലന്‍സിന്റെ അന്വേഷണ നടപടികളില്‍ ഇടപെട്ടിരുന്നില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായി കേരളത്തിലെ വിജിലന്‍സ് സംവിധാനത്തെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. ആരെയെങ്കിലും കേസില്‍ കുടുക്കാനോ രക്ഷിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. അത് എന്റെ പ്രഖ്യാപിത നയംതന്നെ ആയിരുന്നു. അഴിമതി കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് താന്‍ സ്വീകരിച്ചിരുന്നു.

ക്വിക് വെരിഫിക്കേഷന്‍, കെ. ബാബുവിനെതിരായ കേസ് എന്നിവ രണ്ടും വ്യത്യസ്ത കേസുകളാണ്. ഇക്കാര്യം നിയമസഭയില്‍ പറ‍ഞ്ഞിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യില്‍ ആരോപണങ്ങള്‍ക്ക് അനുസൃതമായ മൊഴിമാത്രമാണുണ്ടായിരുന്നത്. സാക്ഷികള്‍ മൊഴികൊടുക്കാന്‍ തയാറാകാത്തതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടത്. ബാബുവിന്റെ കാര്യത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതില്‍ രണ്ടിലും മന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെട്ടിട്ടില്ല.

കെ.എം. മാണിയുടെ കേസ് വിശദമായിത്തന്നെ വിജിലന്‍സ് അന്വേഷിച്ചു. അദ്ദേഹം അഴിമതി ചെയ്തിട്ടില്ലെന്നുതന്നെയാണ് താനും യുഡിഎഫും നിലപാടെടുത്തിരുന്നത്. കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. അപ്പോഴും കെ.എം. മാണി കുറ്റവിമുക്തനാണെന്നുതന്നെയായിരുന്നു തന്റെ നിലപാട്. വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തി കെ.എം. മാണി കുറ്റവിമുക്തനാണെന്നു ക്ലീന്‍ ചിറ്റ് നല്‍കി. ഇന്നും ആ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നു. ഇതില്‍ ഞാന്‍ എന്തു തെറ്റുചെയ്തെന്നു കേരളം വിലിയിരുത്തട്ടെ.

കെ.എം. മാണി ബാര്‍ കോഴ കേസില്‍ നിര്‍ദോഷിയാണെന്നു താന്‍ എന്നും വിശ്വസിക്കുന്നു. കേസില്‍ അന്നത്തെ പ്രതിപക്ഷം ഉയര്‍ത്തിയ പുകമറയും ആരോപണങ്ങളും അവാസ്തവമാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി അഗ്നിശുദ്ധി വരുത്തിയതും യുഡിഎഫിന്റെ കാലത്താണ്.

കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കണമെങ്കില്‍ മാണി മാറണമെന്നു പ്രതിപക്ഷം പറഞ്ഞപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ ചങ്ക് കൊടുത്താണ് അതിന് അവസരമൊരുക്കിയത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിനെ അപകീര്‍ത്തിപ്പെടുത്താനാണോ ഞങ്ങള്‍ അതു ചെയ്തത്. അത് യുഡിഎഫ് എംഎല്‍എമാരെടുത്ത ധീരമായ തീരുമാനമായിരുന്നു. ഒരു ഘട്ടിലും യുഡിഎഫ് മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല.

കേരള കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാര്‍ പ്രതിച്ഛായയിലൂടെയും അല്ലാതെയും എനിക്കെതിരെ മനഃപൂര്‍വം ആരോപണം ഉന്നയിക്കുന്നുണ്ട്. അവര്‍ തെറ്റിദ്ധാരണമൂലമാകാം അവ ഉന്നയിക്കുന്നത്. കേരള കോണ്‍ഗ്രസ് ഈ മുന്നണിക്കൊപ്പം നില്‍ക്കുന്ന ആളാണു താനെന്നും ചെന്നിത്തല പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios