Asianet News MalayalamAsianet News Malayalam

ചീന വലയുയര്‍ത്താന്‍ ബൈക്ക്;  പട്ടിണിയെന്ന് പരമ്പരാഗത തൊഴിലാളികള്‍

  • തൃശൂര്‍ - എണറാകുളം ജില്ലാ അതിര്‍ത്തിയായ അഴീക്കോട് മുനക്കലും കനോലി കനാലിന് ഇരുകരകളിലുമാണ് അനധികൃത ചീനവലകള്‍ പെരുകുന്നത്. 
Chinese fishing nets use bike

തൃശൂര്‍: ചീനവല ഉയര്‍ത്താന്‍ ബൈക്ക് മതിയെന്ന പുതിയ തന്ത്രം പരമ്പരാഗത തൊഴിലാളികളെ പട്ടിണിയിലാക്കുന്നു. പുഴയോരത്തിറങ്ങി മീന്‍ പിടിച്ച് ഉപജീവനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിധം മുട്ടിന് മുട്ടിന് ചീനവലകളും നിറഞ്ഞു. തൃശൂര്‍ - എണറാകുളം ജില്ലാ അതിര്‍ത്തിയായ അഴീക്കോട് മുനക്കലും കനോലി കനാലിന് ഇരുകരകളിലുമാണ് അനധികൃത ചീനവലകള്‍ പെരുകുന്നത്. 

കൊടുങ്ങല്ലൂര്‍ മേഖലയില്‍ മുന്നൂറില്‍ അധികം ചീനവലകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. അഴീക്കോട് മുനക്കലില്‍ വിവിധ ഇടങ്ങളിലായി 25 ചീനവലകളാണുള്ളത്. കനോലി കനാലിന്റെ ഇരുകരകളിലുമായി 300 ല്‍ അധികം ചീനവലകളും കാണാം. എന്നാല്‍ ഇവക്കൊന്നും ലൈസന്‍സില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. അശാസ്ത്രീയമായാണ് ഇവയെല്ലാം സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതുമൂലം മത്സ്യം കിട്ടുന്നില്ലെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പരാതി നല്‍കി. തുടര്‍ന്ന് വലകള്‍ക്ക് ലൈസന്‍സ് പുതുക്കാത്തവര്‍ക്കും എടുക്കാത്തവര്‍ക്കും എതിരെ ഫിഷറീസ് വകുപ്പ് ജനുവരിയില്‍ നോട്ടീസ് നല്‍കിയിയിരുന്നു. 

മൂന്ന് ദിവസത്തിനകം അവ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ ആരും ഇത് ഗൗരവത്തിലെടുക്കുകയോ വല നീക്കുകയോ ചെയ്തില്ല. നോട്ടീസ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥരും ഇതെല്ലാം മറന്ന മട്ടാണ്. വകുപ്പ് ഇടപെട്ട് പൊളിച്ചുനീക്കുന്നതിനുള്ള നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളുണ്ടായെങ്കിലും അതും ഉണ്ടായില്ല. 

വംശനാശം നേരിട്ടുവെന്ന് കരുതിയ ചീനവല പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കായലോരങ്ങളില്‍ സ്ഥാപിക്കുന്നത്. വല പൊക്കുന്നതിന് നേരത്തെ ഏറെ ആളുകള്‍ ആവശ്യമുണ്ടായിരുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികളില്‍ പലരും തന്നെയായിരുന്നു വല പൊക്കുന്ന ജോലികളിലും ഏര്‍പ്പെട്ടിരുന്നത്. കൂടുതല്‍ ചീനവലകള്‍ അനധികൃതമായി തുടങ്ങിയപ്പോള്‍ കൂലിക്കാരെ ഒഴിവാക്കി ബൈക്കില്‍ വലയുടെ കയര്‍ തലപ്പ് കെട്ടി വലിക്കുന്ന സംവിധാനം പരീക്ഷിച്ചത്. ഇത് വിജയമായതോടെ കൂലിക്കാരെ പാടെ അവഗണിക്കുകയായിരുന്നു. പരമ്പരാഗത തൊഴിലിനെ പുതിയ രീതികള്‍ ബാധിച്ചു തുടങ്ങിയതോടെയാണ് പരാതികള്‍ ഉയര്‍ന്നത്.
 

Follow Us:
Download App:
  • android
  • ios